ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍
1541568
Friday, April 11, 2025 12:01 AM IST
കോട്ടയം: വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്മാര്‍ട് പദ്ധതി ക്ക് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തുടക്കമായി.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ-സ്മാര്‍ട്ടാണ് അത്യാധുനികമായ തരത്തില്‍ വിപുലീകരിച്ച് എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ലഭ്യമാക്കിയിരിക്കുന്നത്. ജനന-മരണ-വിവാഹ രജിസ്ട്രേഷന് മുതല്‍ വസ്തു നികുതിയും കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ ഒട്ടേറെ ആവശ്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാതെ പൂര്‍ണമായി ഓണ്‍ലൈനായി നേടുന്നതിനായി ഏകീകൃത പ്ലാറ്റ്ഫോമാണ് ഒരുക്കിയിരിക്കുന്നത്.
സിവില്‍ രജിസ്ട്രേഷന് (ജനന-മരണ-വിവാഹ രജിസ്ട്രേഷന്), വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയില്‍നിന്നുള്ള വാടക, ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), ബില്‍ഡിംഗ് പെര്മിഷന് മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് കെ-സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നത്. കെ-സ്മാര്‍ട്ട് ആപ്പും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ ലാന്‍ഡ് എന്ന ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. വാട്സ് ആപ്പ്, ഇ-മെയില്‍ എന്നിവ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും.
സമര്‍പ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതൊരാള്‍ക്കും സാക്ഷ്യപത്രങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും.
കെ-സ്മാര്ട്ടില് പണമിടപാടുകള്‍ എല്ലാം ഓണ്‍ലൈന്‍ സിസ്റ്റം ഉപയോഗിച്ചാണ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ തന്നെ പണമിടപാടുകൾ ഓണ്‍ലൈനായി നടത്താം. ഓഫീസില്‍ പോയാല്‍ ഇ-പോസ് മെഷീന് ഉപയോഗിച്ച് പണമായോ യുപിഐ കാര്‍ഡ് വഴിയോ പണം അടയ്ക്കാം.
ജനന രജിസ്ട്രേഷനും മറ്റ് ജനന സംബന്ധമായ സേവനങ്ങളായ പേര് ഉള്‍പ്പെടുത്തല്‍, പേര് തിരുത്തല്‍, മറ്റ് തിരുത്തലുകള്‍ എന്നിവയ്ക്കും കെ-സ്മാര്‍ട്ട് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. കെ-സ്മാര്‍ട്ട് വഴി ലോകത്തെവിടെനിന്നും വിവാഹ രജിസ്ട്രേഷന് ഓഫീസില്‍ നേരിട്ട് എത്താതെ അപേക്ഷിക്കാനും പൂര്‍ത്തിയാക്കാനും കഴിയും.
എല്ലാതരത്തിലുമുള്ള ട്രേഡ് ലൈസന്‍സുകള്‍ക്കും കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിക്കാം. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പുതിയ ലൈസന്‍സ് അപേക്ഷ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധിയില്‍ ഓട്ടോ റിന്യൂവല്‍ വഴി വസ്തുനികുതി-തൊഴില്‍ നികുതി-തദ്ദേശസ്ഥാപന വാടക-ഹരിത കര്‍മസേന ഫീസ് എന്നിവയുടെ കുടിശിക സഹിതം അടവാക്കി പുതുക്കാനുള്ള സൗകര്യം ഉണ്ടാകും.
മൈ ബില്‍ഡിംഗ് എന്ന മെനുവിലൂടെ ജനങ്ങള്‍ക്ക് സ്വന്തം കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും ഓണ്‍ലൈനായി എടുക്കുന്നതിനും നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനും സാധിക്കും. ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈനില്‍ പരാതിപ്പെടുന്നതിനു പുറമേ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്കു പരാതികള്‍ നല്‍കാനുള്ള സംവിധാനവും കെ-സ്മാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. പൊതു ഹര്‍ജികള്‍ ഒന്നിലധികം പേര്‍ക്ക് ഡിജിറ്റല്‍ ഒപ്പിട്ട് സമര്‍പ്പിക്കാം. സംയുക്ത പരാതികളും മാസ് പെറ്റീഷനുകളും നല്കന് സാധിക്കും. പരാതികളുടെ തല്‍സ്ഥിതി അറിയാനും കഴിയും.