സയന്‍സ് സിറ്റി ; ഒന്നാം ഘട്ട ഉദ്ഘാടനം മേയ് 11 ന് മുഖ്യമന്ത്രി നിർവഹിക്കും
1541567
Friday, April 11, 2025 12:01 AM IST
കോട്ടയം: കുറവിലങ്ങാട് കോഴായില്‍ നിര്‍മാണം പുരോഗമിക്കുന്ന കോട്ടയം സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മേയ് 11 ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു. കഴിഞ്ഞദിവസം സയന്‍സ് സിറ്റിയില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി ആർ. ബിന്ദുവുമായും ജോസ് കെ. മാണി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്, കോംബൗണ്ട് വാള്, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തിലാണ് വളരയേറെ സാങ്കേതിക മികവോടെയുള്ള സ്പേസ് തിയറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍, തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്.
എന്‍ട്രി പ്ലാസ, ആംഫി തിയറ്റര്‍, റിംഗ് റോഡ്, പാര്‍ക്കിംഗ് തുടങ്ങിയവയും അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ക്ക് 25 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി യിട്ടുണ്ട്.