തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും
1541566
Friday, April 11, 2025 12:01 AM IST
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കാൻ മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു.
ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള പാടശേഖരങ്ങളിലെ കൊയ്ത്ത് ഉടൻ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. യോഗത്തിൽ മന്ത്രിയും തോമസ് കെ. തോമസ് എംഎൽഎയും ഓൺലൈനായാണ് പങ്കെടുത്തത്.