അപകട ഭീഷണി ഉയർത്തി ദേശീയപാതയോരത്ത് വൻമരങ്ങൾ
1541563
Friday, April 11, 2025 12:01 AM IST
മുണ്ടക്കയം: ദേശീയപാതയുടെ വശങ്ങളിൽ അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങൾ. യാത്രക്കാർ പലപ്പോഴും അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്. മുണ്ടക്കയത്തിനും മുറിഞ്ഞപുഴയ്ക്കും ഇടയിൽ റോഡിന്റെ വശങ്ങളിൽ ഏത് നിമിഷവും നിലം പതിക്കാവുന്ന രീതിയിൽ നിരവധി മരങ്ങളാണ് നിലകൊള്ളുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരുതുംമൂടിന് സമീപം റോഡിന്റെ വശത്തുനിന്ന വൻമരം കടപുഴകി വീണ് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഈ സമയം ദേശീയപാതയിലൂടെ യാത്ര ചെയ്തിരുന്ന വാഹനത്തിന് മുകളിലും മരത്തിന്റെ ശിഖരങ്ങൾ പതിച്ചു. യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാട് സംഭവിച്ചു.
ഇതുകൂടാതെ മരുതുംമൂടിന് സമീപം മറ്റൊരു മരത്തിന്റെ ശിഖരം ഒടിഞ്ഞും ദേശീയപാതയിലേക്ക് വീണിരുന്നു. ഇതിനെത്തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ മണിക്കൂറുകളോളം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സമാനമായ രീതിയിൽ അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് ഈ ഭാഗത്ത് നിലകൊള്ളുന്നത്. ഒരുമാസം മുമ്പ് ചിറ്റടിക്കും ചോറ്റിക്കുമിടയിൽ ആഞ്ഞിലി മരത്തിന്റെ ശിഖരം ഒടിഞ്ഞു റോഡിൽ വീണും ഗതാഗത തടസമുണ്ടായിരുന്നു.
ദേശീയപാതയിൽ ചുഴുപ്പ്, മുറിഞ്ഞുപുഴ ഭാഗങ്ങളിലെല്ലാം ചുവട്ടിലെ മണ്ണ് ഇളകി മാറി നിരവധി മരങ്ങളാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ റോഡിന്റെ വശത്ത് നിലകൊള്ളുന്നത്.
മഴക്കാലങ്ങളിൽ ഇവിടെ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്നതും പതിവ് സംഭവമാണ്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റുവാൻ അധികാരികൾ തയാറാകുന്നില്ലെന്ന പരാതി ശക്തമാണ്.