ഷോപ്പിംഗ് കോംപ്ലക്സിനായി 12 ലക്ഷം രൂപ ചെലവ്, പദ്ധതി എങ്ങുമെത്തിയില്ല
1541533
Thursday, April 10, 2025 10:50 PM IST
കിടങ്ങൂര്‍: പഞ്ചായത്ത് വക സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നതിന് പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവാക്കിയെങ്കിലും പദ്ധതി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഹൈവേ ജംഗ്ഷനില്‍ പഞ്ചായത്തിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളുമുണ്ട്. പഞ്ചായത്തിന്റെ കൈവശമുള്ള 1.10 ഏക്കര്‍ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സും മിനി സിവില്‍ സ്റ്റേഷനും നിര്‍മിക്കാനായിരുന്നു പദ്ധതി. നാല് നിലകളിലായി 78 ഷട്ടര്‍ മുറികളാണ് പണിയാന്‍ ഉദ്ദേശിച്ചിരുന്നത്. താഴത്തെ നില പാര്‍ക്കിംഗിനും.
2005-2010 കാലഘട്ടത്തില്‍ കെ.എം. രാധാകൃഷണന് പ്രസിഡന്റായിരുന്ന സമയത്താണ് ഈ സ്ഥലം ഏറ്റെടുക്കുന്നത്. 2015-2020 ഭരണസമിതി ഇതിനായി യാതൊന്നും ചെയ്തില്ല. 2020-2025 കാലത്ത് ഭരണസമിതി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന് ശ്രമിച്ചിരുന്നു. 2016ല്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിനായി പ്ലാനും പദ്ധതികളും തയാറാക്കി. കിടങ്ങൂര്‍ ബസ് ബേയ്ക്ക് പിന്നില്‍ കുഴിയെടുത്തതിന് മാത്രമായി 11 ലക്ഷത്തിലധികം രൂപ ചെലവായി. ഹൗസിംഗ് ബോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല.
സാങ്കേതിക പ്രശ്നങ്ങള്‍മൂലം പണി ആരംഭിച്ചില്ല. നിര്‍മാണത്തിന്റെ ഭാഗമായി നാളിതുവരെ ഒരു കല്ലുപോലും ഇടാതെ ഇത്രയും തുക ചെലവഴിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് കിടങ്ങൂര്‍ പൗരാവകാശ സമിതിയുടെ ആവശ്യം. മണ്ണെടുത്ത കുഴി ഇന്ന് പുല്ലും വെള്ളവും നിറഞ്ഞ് കൊതുക വളര്‍ത്തല്‍ കേന്ദ്രമായി മാറി. നിര്‍മാണം തുടരാന്‍ സാധിച്ചില്ലെങ്കില്‍ എത്രയും വേഗം കുഴി നികത്തി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. മാറി മാറി വരുന്ന ഭരണസമിതികള്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടികള്‍ ആരംഭിക്കുന്നില്ല.