സ്വകാര്യബസ് സംരക്ഷണ ജാഥയ്ക്കു സ്വീകരണം നല്കി
1541520
Thursday, April 10, 2025 7:18 AM IST
ചങ്ങനാശേരി: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് നയിക്കുന്ന ബസ് സംരക്ഷണ ജാഥയ്ക്കു കോട്ടയം ബസ്സ്റ്റാന്‍ഡില്‍ സ്വീകരണം നല്കി.
സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കഴിഞ്ഞ 13 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന ഒരു രൂപ എന്നത് മാറ്റി ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് ശിപാർശ അനുസരിച്ച് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കുക,
നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന മുഴുവന്‍ സ്വകാര്യ ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും അനാവശ്യ പിഴ ഈടാക്കല്‍ നടപടി നിര്‍ത്തിവയ്ക്കുക, ഗതാഗത നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
ജില്ലാ പ്രസിഡന്റ് ജോസുകുട്ടി മുളകുപ്പാടം അധ്യക്ഷത വഹിച്ചു. ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. വിദ്യാധരന് യോഗം ഉദ്ഘാടനം ചെയ്തു. ജാഥാംഗങ്ങളായ പ്രദീപ്, തോമസ് ആന്റണി, സോണി കുര്യന്, ജോബിന്, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി, പാലാ തുടങ്ങിയ സ്ഥലങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്കി.