പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1541519
Thursday, April 10, 2025 7:18 AM IST
ചങ്ങനാശേരി: പ്ലാസ്റ്റിക് വിമുക്തമാകാന്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പണികഴിപ്പിച്ച ആര്‍ആര്‍എഫിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ച് പഞ്ചായത്തുകളില്‍നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള ബെയിലിംഗും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വാകത്താനം, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് എന്നീ അഞ്ച് പഞ്ചായത്തുകളില്‍നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫ് ബെയിലിംഗ് മെഷിനില്‍ ബെയ്ൽ ചെയ്ത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്.
ബ്ലോക്ക് നടപ്പിലാക്കിയ ആര്‍ആര്‍എഫ് പദ്ധതിയുടെ ചുമതലയും ക്ലീന്‍ കേരള കമ്പനിക്കാണ്.
ഒന്നര മണിക്കൂറില്‍ 16 ചാക്ക് മാലിന്യം സംസ്കരിക്കാം
ഒന്നരമണിക്കൂറിനുള്ളില്‍ 16 ചാക്കില്‍ കൊള്ളാനുള്ള പ്ലാസ്റ്റിക് മാലിന്യമാണ് ബെയില്‍ ചെയ്ത് കെട്ടാക്കി ഒരു ചാക്കിനുള്ളില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. ഇത് ഒരു ദിവസം ഒരു ടണ്‍ വരെ വരുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകര്‍മസേന വഴി നടത്തുന്നത്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴില്‍ ആദ്യമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് ഹരിതകര്‍മസേന ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ആധുനിക ബെയിലിംഗ് മെഷീനില്‍ കെട്ടുകളാക്കി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന പദ്ധതിയും ആധുനിക മെഷീനും സ്ഥാപിച്ചത്.
വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ മണിയമ്മ രാജപ്പന്, കെ.ഡി. മോഹനന്, മോളി ജോസഫ്, ഗീത രാധാകൃഷ്ണന്, മിനി വിജയകുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈസമ്മ ആന്റണി, സബിത ചെറിയാന്, ടി. രഞ്ജിത്ത്,
ബ്ലോക്ക് മെംബര്‍മാരായ അലക്സാണ്ടര്‍ പ്രാക്കുഴി, വിനു ജോബ്, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്, സബിത ചെറിയാന്, ടീനാമോള്‍ റോബി, ബീനാ കുന്നത്ത്, സൈന തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി എറിക് ജെ. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.