മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുടിവെള്ളക്ഷാമം രൂക്ഷം
1541516
Thursday, April 10, 2025 7:18 AM IST
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടത്തെ ഇരുവേലി-പാലാംതൊട്ടി റോഡിലെ മിക്ക വീടുകളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. പലയിടത്തും പൈപ്പുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ പ്രദേശത്തെ വീടുകളില്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളും മീറ്ററും സ്ഥാപിച്ചിട്ടുണ്ട്.
വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ ഇവിടത്തെ വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. പുരുഷന്മാര് ജോലി കഴിഞ്ഞെത്തിയശേഷമാണ് വെള്ളം ചുമന്നു വീട്ടിലെത്തിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാലങ്ങളായി ഇതാണ് സ്ഥിതിയെന്ന് അഞ്ചാം വാര്‍ഡിലെ തെക്കേപുരയിടത്തില്‍ കവിതാ പ്രകാശന് പറയുന്നു.
വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വില കൊടുത്താണ് വാങ്ങുന്നത്. 3,000 ലിറ്റര്‍ വെള്ളത്തിന് 850 രൂപ നല്‍കണം. മാസത്തില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം വാങ്ങേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറയുന്നു. നാളിതുവരെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളം വന്നിട്ടില്ല. ഇപ്പോള്‍ അധികൃതര്‍ പറയുന്നത് പട്ടിത്താനം രത്നഗിരിയിലുള്ള കുടിവെള്ള ടാങ്കിന്റെ നിര്‍മാണം പൂര്ത്തിയായല് വെള്ളം ലഭിക്കുമെന്നാണ്.
വാര്‍ഡിലെ ഓമല്ലൂര്‍, വാണിയങ്കാവ്, കുത്തംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിക്കാനായി കിണറുകളില്‍ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ പോയി ശേഖരിക്കുകയാണ്. പണം കൊടുത്തു വാങ്ങുന്ന വെള്ളം ഉപയോഗിച്ചാണ് പലരും വേനല്‍ക്കാലത്ത് കന്നുകാലികളെ പോലും കുളിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.