നമ്പ്യാകുളം-വേദഗിരി ഹൈടെക് റോഡ് ടാറിംഗിന് തുടക്കം
1541514
Thursday, April 10, 2025 7:01 AM IST
ഏറ്റുമാനൂര്‍: നമ്പ്യാകുളം - വേദഗിരി ഹൈടെക് റോഡ് ടാറിംഗ് ജോലികള്‍ക്ക് നമ്പ്യാകുളം റെയില്‍വേ ഗേറ്റ് ഭാഗത്തുനിന്നു തുടക്കമായി. ബിഎം ടാറിംഗ് ജോലികള്‍ 11നു വേദഗിരിയില്‍ പൂര്‍ത്തീകരിക്കും. രണ്ടാംഘട്ടത്തിലുള്ള ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ടാറിംഗ് ജോലികള്‍ മേയ് മാസത്തില്‍ നടപ്പാക്കാനാണു തീരുമാനം. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി 30 ലക്ഷം രൂപയുടെ റോഡ് നവീകരണ പദ്ധതിയാണ് നമ്പ്യാകുളം-വേദഗിരി റോഡില്‍ നടപ്പാക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസും മന്ത്രി കെ.എന്‍. ബാലഗോപാലുമാണ് കടുത്തുരുത്തി മണ്ഡലത്തില്‍ ഉള്‍പ്പെട്ട നമ്പ്യാകുളം-വേദഗിരി റോഡ് കൂടി സംസ്ഥാന സര്‍ക്കാരിന്റെ റിന്യൂവല്‍ പ്രോഗ്രാമില്‍ (ആര്‍പി വര്‍ക്ക്) ഉള്‍പ്പെടുത്തി ഭരണാനുമതി നല്കാന് സാഹചര്യമുണ്ടാക്കിയത്. റോഡ്സ് വിഭാഗം കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിലാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
മോന്‍സ് ജോസഫ് എംഎല്‍എ റോഡ് സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി. ബ്ലോക്ക് അംഗങ്ങളായ ലൂക്കോസ് മാക്കില്‍, ആന്‍സി ജോസ്, സുനു ജോര്‍ജ്, സി.എം. ജോര്‍ജ്, പഞ്ചായത്ത് അംഗം ബിനോ സക്കറിയ എന്നിവരും പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.