എംസി റോഡിലെ കുഴി അടച്ചു : അപകടക്കെണി താത്കാലികമായി ഒഴിവായി
1541513
Thursday, April 10, 2025 7:01 AM IST
ഏറ്റുമാനൂർ: നഗരഹൃദയത്തിൽ എംസി റോഡിൽ പോസ്റ്റോഫീസിനു സമീപം നാളുകളായി നിലനിന്നിരുന്ന കുഴി പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. റോഡിലെ അപകടക്കെണിയിൽപ്പെട്ട് യാത്രക്കാർ ബുദ്ധിമുട്ടുന്ന കാര്യം ദീപിക കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.
റോഡ് പരിപാലനത്തിന് 2022 ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഒപിബിആർസി റോഡ് പരിപാലനപദ്ധതിയിൽ ഉൾപ്പെടുന്ന റോഡിലാണ് ദീർഘകാലമായി കുഴി നിലനിന്നിരുന്നത്.
എംസി റോഡിന്റെ കോടിമത - അങ്കമാലി റീച്ച് ഉൾപ്പെടെ 107.75 കിലോമീറ്റർ റോഡിന്റെ പരിപാലനം 73.83 കോടി രൂപയ്ക്കാണ് കരാർ കൊടുത്തിരിക്കുന്നത്. ഏഴു വർഷമാണ് കരാർ കാലാവധി. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തെയാണ് ഏല്പിച്ചിരിക്കുന്നത്. ദീപിക ഇക്കാര്യം വാർത്തയിൽ സൂചിപ്പിച്ചിരുന്നു.
റോഡിനു കുറുകെ നിർമിച്ച കലുങ്കിനോടു ചേർന്ന ഭാഗം താഴ്ന്നുപോകുന്നതാണ് ഇവിടെ കുഴി രൂപപ്പെടാൻ കാരണമായത്. കുഴി രൂപപ്പെടുകയും കൂടുതൽ ഭാഗത്ത് റോഡ് തകരുകയും ചെയ്തതോടെ കലുങ്കിനോടു ചേർന്ന് താഴ്ന്ന ഭാഗം ഉറപ്പിക്കാതെ ഇന്റർലോക്ക് കട്ടകൾ പാകി. ഈ കട്ടകൾ ഉൾപ്പെടെ താഴ്ന്നാണ് കുഴി രൂപപ്പെട്ടിരുന്നത്. ഈ പ്രശ്നത്തിന് ഇത്തവണയും പരിഹാരമായിട്ടില്ല. കട്ടകൾ താഴ്ന്ന ഭാഗത്ത് ടാർ മിശ്രിതം നിറച്ച് കുഴി താത്കാലികമായി അടയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഇതിനു മുമ്പ് ടാർ ഉപയോഗിച്ച് കുഴി അടച്ച ഭാഗങ്ങളിൽ ടാർ ഉരുകി രൂപപ്പെട്ട മുഴകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഇവയിൽ വാഹനങ്ങൾ കയറി നിയന്ത്രണം വിടുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.