കാണാൻ കാമറക്കണ്ണില്ല; എരുമേലി വനപാതയിൽ വീണ്ടും മാലിന്യങ്ങൾ
1541277
Thursday, April 10, 2025 12:01 AM IST
എരുമേലി: നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള വനംവകുപ്പിന്റെ പദ്ധതി നടപ്പിലായില്ല. വീണ്ടും പഴയപടി മാലിന്യ പാതയായി മാറി എരുമേലി വനപാത. എരുമേലി-റാന്നി സംസ്ഥാന പാതയിലെ കനകപ്പലം മുതൽ മുക്കട വരെ വനത്തിലൂടെ കടന്നുപോകുന്ന റോഡാണ് മാലിന്യ റോഡായി മാറിയിരിക്കുന്നത്. ഈ റോഡിൽ മുമ്പ് വൻ തോതിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്നു.
ടൺ കണക്കിനു മാലിന്യങ്ങൾ നീക്കി പല തവണയായി ശുചീകരണം നടന്നെങ്കിലും ശുചീകരണം കഴിയുമ്പോൾ പിന്നെയും പാത മലീമസമാകുന്ന കാഴ്ചയായിരുന്നു. ഇതോടെയാണ് കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ രണ്ടു വർഷം മുമ്പ് വനംവകുപ്പ് പദ്ധതി തയാറാക്കിയത്. ഈ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കാൻ കഴിയാതെ ഉപേക്ഷിച്ച നിലയിലായത്.
കനകപ്പലം മുതൽ മുക്കട വരെയുള്ള വനപാതയിൽ സ്പോൺസർമാർ മുഖേന കാമറകൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.
കാമറകൾ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ, ആവശ്യമായ വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ നിലവിൽ സജ്ജമാക്കിയിട്ടുണ്ട്. കാമറകൾ നൽകുന്നതിന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു റേഞ്ച് ഓഫീസർ പറഞ്ഞു.
നിലവിൽ കനകപ്പലം-വെച്ചൂച്ചിറ റോഡിലെ വനപാതയിൽ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ മുഖേന കാമറകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുമൂലം ഈ പാതയിൽ മാലിന്യങ്ങൾ തള്ളുന്നില്ല. ഇതേ മാതൃകയിൽ കനകപ്പലം മുതൽ മുക്കട വരെയുള്ള വനപാതയും മാറ്റാനാണ് ആലോചന.