ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി
1541275
Thursday, April 10, 2025 12:01 AM IST
മുണ്ടക്കയം: വേനൽ മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര 50 മീറ്ററോളം ദൂരം പറന്നുപോയി സമീപത്തെ റബർത്തോട്ടത്തിൽ പതിച്ചു. വണ്ടൻപതാൽ പത്ത് സെന്റ് മുകൾഭാഗത്ത് ഒറവയ്ക്കൽ രാധാമണിയുടെ വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടുകൂടിയായിരുന്നു സംഭവം. മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് സമീപത്തെ റബർ മരങ്ങളും നിലം പതിച്ചിരുന്നു. ഇതോടെ വീട്ടിൽ ഉണ്ടായിരുന്ന രാധാമണിയും മകൻ റോബിൻ, ഭാര്യ പ്രിയ എന്നിവർ വീടിന് പുറത്തിറങ്ങി വരാന്തയിൽ നിന്നു.
ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയുടെ രണ്ട് കേഡറുകളും നിരവധി ടിൻ ഷീറ്റുകളുമുള്ള ഭാഗം ഉയർന്നുപൊങ്ങി സമീപത്തെ റബർ മരങ്ങൾക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം ഇവിടെ ആരുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വീടിന്റെ മേൽക്കൂര പറന്നുപോയതോടെ മഴയിൽ വീട്ടുപകരണങ്ങൾ പൂർണമായും നനഞ്ഞു നശിച്ചു. ടിൻ ഷീറ്റിന് പകരം ആസ്ബറ്റോസ് ഷീറ്റിട്ട് വീട് നനയാതെയാക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.
അതിശക്തമായ കാറ്റ് അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം. കഴിഞ്ഞവർഷവും ഇവരുടെ സമീപമുള്ള വീടിന്റെ മേൽക്കൂരയും ഇതേ രീതിയിൽ ശക്തമായ കാറ്റിൽ തകർന്നിരുന്നു.