മാര്‍ തോമസ് തറയിലിനെ നെല്‍ക്കര്‍ഷകരുടെ വിഷമങ്ങൾ അറിയിച്ച് ചിന്നമ്മ
1541268
Thursday, April 10, 2025 12:00 AM IST
ചങ്ങനാശേരി: കത്തോലിക്കാ കോണ്‍ഗ്രസ് സമരവേദിയിലെത്തി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനോട് നെല്‍ക്കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അറിയിച്ച് കുറിച്ചി ചേപ്പാട്ടുപറമ്പില്‍ ചിന്നമ്മ. കഴിഞ്ഞ അറുപതു വര്‍ഷമായി സ്വന്തമായി നെല്‍കൃഷി ചെയ്യുന്ന ആളാണ് ചിന്നമ്മ.
വിതയ്ക്കുന്നതും വളമിടുന്നതും കീടനാശിനി തളിക്കുന്നതും ചിന്നമ്മതന്നെയാണ്. നേരത്തെ കൊയ്ത്തിനും ഇറങ്ങിയിരുന്നു. യന്ത്രം വന്നതോടെ കൊയ്ത്തിനിറങ്ങുന്നില്ല. കുറിച്ചി കണ്ണങ്കരി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒന്നരയേക്കറാണ് എണ്‍പത്തിമൂന്നു വയസുള്ള ചിന്നു എന്നു വിളിക്കുന്ന ചിന്നമ്മയുടെ കൃഷിയിടം.
കര്‍ഷകനായ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടെങ്കിലും ചിന്നമ്മ നിരാശപ്പെടാതെ കൃഷി തുടര്‍ന്നു. അറുപതു വര്‍ഷക്കാലത്തെ കൃഷിക്കിടയില്‍ അടുത്തകാലത്താണ് നെല്‍ക്കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നതെന്നും ചിന്നമ്മ മാര്‍ തോമസ് തറയിലിനോട് വിശദീകരിച്ചു.
കിഴിവ് പ്രശ്നത്തില്‍ രണ്ടാഴ്ചമുമ്പ് കോട്ടയം പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ കര്‍ഷകര്‍ ഒരുദിവസം മുഴുവന്‍ നടത്തിയ ഉപരോധസമരത്തില്‍ ചിന്നമ്മ പങ്കെടുത്ത് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചത് അധികാരികളുടെ കണ്ണു തുറപ്പിച്ചിരുന്നു.