ലഹരിക്കെതിരേ പോരാട്ടം ശക്തമാക്കാന്‍ എക്സൈസ്
1541266
Thursday, April 10, 2025 12:00 AM IST
കോട്ടയം: അടുത്ത അധ്യയനവര്‍ഷത്തില്‍ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചു ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാന്‍ എക്സൈസ് വകുപ്പ്.
വിദ്യാര്‍ഥികള്‍ക്കു കൃത്യമായ ബോധവത്കരണം നല്കി ലഹരി മാഫിയയുടെ പിടിയില്‍നിന്നും യുവതലമുറയെ രക്ഷിച്ചെടുക്കാനുള്ള പദ്ധതികളാണ് എക്സൈസ് വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി എക്സൈസിന്റെ ഡീ അഡിക്ഷന് സെന്ററുകളായ വിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
23 വയസുവരെയുള്ള വരെ ലഹരി കേസില്‍ പിടികൂടിയാല്‍ ഡീ അഡിക്ഷന് കോഴ്സുകള്‍ നിര്‍ബന്ധമാണ്.
നാല് ഘട്ടങ്ങൾ
ലഹരിയില്‍നിന്നു യുവതലമുറയെ അകറ്റാന്‍ നാല് ഘട്ടങ്ങളുണ്ട്- ബോധവത്കരണം, കൗണ്‍സലിംഗ്, ഡീ അഡിക്ഷന്, പുനരധിവാസം.
പൊതുവേദികളില്‍ നടക്കുന്ന ബോധവത്കരണം സ്കൂള്‍തലംമുതല്‍ നല്‍കുണ്ട്. പക്ഷേ ഇതിനിടയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാകും. പൊതുവേദിയില്‍ നടക്കുന്ന ബോധവത്കരണത്തിലെ വാക്കുകള്‍ ഇത്തരക്കാരുടെ മനസില്‍ നില്‍ക്കില്ല. ഒരു ചടങ്ങുപോലെ ബോധവത്കരണത്തില്‍ പങ്കെടുത്തു മടങ്ങും.
പീന്നിടാണ് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത്. വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവര്‍ ബോധവത്കരണം അവഗണിക്കും. കൗണ്‍സലിംഗില്‍ ഒരാള്‍ എത്ര നേരത്തിനിടെ ലഹരി ഉപയോഗിക്കുമെന്ന് മനസിലാക്കാനാകും. ലഹരിയിലേക്ക് നയിച്ച സ്വാധീന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി തടയാനും സാധിക്കും.
കൗണ്സലിംഗിനുശേഷവും ലഹരി ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കാണ് ഡീ അഡിക്ഷന് നല്‍കുന്നത്. 14 ദിവസം നീണ്ടുനില്‍ക്കുന്ന ചികിത്സയില്‍ മരുന്നും മാനസിക പിന്തുണയും ഉറപ്പാക്കണം. ശാസ്ത്രീയമായ സമീപനം ആവശ്യമുള്ളവര്‍ക്കാണ് ഡീ അഡിക്ഷന് സെന്ററുകളില്‍ ചികിത്സ വേണ്ടി വരിക.
പിന്നീടാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്. ലഹരിമുക്തി നേടിയാലും ഇവര്‍ക്കു സാമൂഹിക മാനസിക പിന്തുണ അത്യാവശ്യമാണ്. ഇതു ലഭിച്ചില്ലെങ്കില്‍ വിഷാദത്തിലേക്കും പിന്നാലെ ലഹരിയിലേക്കും ഇത്തരക്കാര്‍ മടങ്ങാനും സാധ്യതയേറെയാണ്. പുനരധിവാസം ലഹരി മുക്തിയിലെ പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണെന്നും വിമുക്തിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.