വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും
1541226
Wednesday, April 9, 2025 10:47 PM IST
വാഗമണ്‍: കുരിശുമലയില്‍ ദുഃഖവെള്ളി, പുതുഞായര്‍ ആചരണത്തിന് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി. ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ മലയടിവാരത്തിലുള്ള ദേവാലയത്തില്‍ രാവിലെ 7.30ന് ആരംഭിക്കും. കുരിശിന്റെ വഴി രാവിലെ ഒന്‍പതിന് മലമുകളിലേക്ക് നടത്തപ്പെടും. ദുഃഖവെള്ളിയിലെ പീഡാനുഭവ സന്ദേശവും തിരുക്കര്‍മങ്ങളും സമാപനപ്രാര്ഥനകളും കുരിശിന്റെ വഴിക്കുശേഷം മല മുകളിലുള്ള ദേവാലയത്തിലായിരിക്കും നടത്തപ്പെടുന്നത്. ദുഃഖവെള്ളിയാഴ്ച കുരിശുമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് രാവിലെ ആറുമുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
27നു പുതുഞായര്‍ ദിനത്തില്‍ രാവിലെ 6.30 മുതല്‍ വൈകുന്നേരം നാലുവരെ മലമുകളിലുള്ള പള്ളിയിൽ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അന്നേദിവസം മലയടിവാരത്തിലുള്ള പള്ളിയിൽ (കല്ലില്ലാക്കവലയില്‍) രാവിലെ പത്തിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കും.
കുരിശുമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ. ആന്റണി വാഴയില്‍, കൈക്കാരന്മാരായ എബിന് മഞ്ചേരിക്കളം, സോണി വെളിയത്ത്, ജോയിസ് കൊച്ചുമഠത്തില്‍, സ്റ്റീഫന്‍ ഷീബാഭവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിപുലമായ ഒരുക്കങ്ങള്‍
വാഗമണ്‍ സെന്റ് ആന്‍ണീസ് ഇടവകയിലെയും വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ഥാടകര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും എല്ലാവിധ സഹായങ്ങള്‍ക്കുമായി വെള്ളികുളം-വാഗമണ്‍ റോഡിലും വഴിക്കടവ്-കുരിശുമല റോഡിലും ഉണ്ടായിരിക്കും. കുരിശുമല-കൂപ്പ്-കോലാഹലമേട് റോഡിലും വോളണ്ടിയേഴ്സ് ഉണ്ടായിരിക്കും.
കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളില്‍നിന്നു കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് ഈ ദിവസങ്ങളില്‍ നടത്തും. അമ്പതു നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈരാറ്റുപേട്ടയില്‍നിന്ന് രാവിലെ 7.30ന് വാഗമണ്‍ കുരിശുമല പാര്‍ക്കിംഗ് ഗ്രൗണ്ട് വരെയും തിരിച്ച് കരിശുമലയില്നിന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഈരാറ്റുപേട്ടയിലേക്കും സ്പെഷല്‍ സര്‍വീസ് ഉണ്ടായിരിക്കും.
രാത്രി കുരിശുമല കയറുന്നതിനുള്ള ലൈറ്റ് സൗകര്യം അമ്പതു നോമ്പിന്റെ ആദ്യ ദിവസം മുതല്‍ ക്രമീകരിച്ചിരുന്നു. ടോയ്ലറ്റുകള്, കുടിവെള്ളം, വിശ്രമസ്ഥലങ്ങള്‍ എന്നിവയും വാഗമണ്‍ കുരിശുമലയുടെ മുകളിലും മലയടിവാരത്തിലും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു ഗ്രൗണ്ടുകള്‍ കൂടി പുതുതായി നിര്‍മിച്ചിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച സമീപപ്രദേശങ്ങളിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം.
വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ദുഃഖവെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ബസുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ വാഗമണ്‍-കുരിശുമല റോഡില്‍ കടത്തിവിടുന്നതല്ല. അന്നേദിവസം ബസുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ വഴിക്കടവില്‍നിന്ന് കാല്‍നടയായോ ചെറുവണ്ടികളിലോ കുരിശുമലയിലേക്ക് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുരിശുമലയില്നിന്നു വാഹനങ്ങള്‍ തിരിച്ചുവിടുന്നത് കുരിശുമല-കൂപ്പ്-കോലാഹലമേട് വഴിയായിരിക്കും. ഇത് വണ്‍വേ സംവിധാനമാണ്.
അരുവിത്തുറ
വല്യച്ചന്‍മലയിൽ
അരുവിത്തുറ: നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നാളെ അരുവിത്തുറ വല്യച്ചന്‍മലയിലേക്ക് തീര്‍ഥാടനം നടത്തും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
11നു രാവിലെ ഒന്‍പതിന് അരുവിത്തുറ പള്ളി അങ്കണത്തില്‍നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. കുരിശിന്റെ വഴി മലമുകളില്‍ എത്തിച്ചേരുമ്പോള്‍ ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രസിഡന്റ് ജോസ് മുത്തനാട്ട്, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിന്‍സ് തൊടുകയില്‍, ജോസുകുട്ടി അറയ്ക്കപ്പറമ്പില്‍, ആന്‍ഡ്രൂസ് തെക്കേക്കണ്ടം, ജോസഫ് വടക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പിഴക് വ്യാകുലസങ്കേതം കുരിശുമലയിൽ
പിഴക്: വ്യാകുലസങ്കേതം കുരിശുമലയില്‍ നാളെ നാല്പതാം വെള്ളി ആചരിക്കും. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 7.30ന് മലയടിവാരത്തുനിന്ന് കുരിശിന്റെ വഴി. വികാരി ഫാ. ജോസഫ് തെക്കേല്‍ നേതൃത്വം നല്‍കും.