വിശുദ്ധിയുടെ പരിമണം നിറയുന്ന ഊട്ടുപാറ കുരിശുമലയിലേക്കു ഭക്തജനപ്രവാഹം
1541225
Wednesday, April 9, 2025 10:47 PM IST
തിടനാട്: വിശുദ്ധിയുടെ പരിമണം ഒഴുകുന്ന ഈ കുന്നില്‍നിന്നു വീശുന്ന തണുത്ത കാറ്റിനും പ്രാര്‍ഥനയുടെ മന്ത്രമുണ്ട്. അതാണ് വിശ്വാസികളെ ഊട്ടുപാറ സ്ലീവാ കുരിശുമലയിലേക്ക് ആകര്‍ഷിക്കുന്നത്. വെള്ളിയാഴ്ചകളില്‍ സ്ലീവയും ചുമന്നുകൊണ്ടുള്ള കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയില്‍ ഭക്തിയോടെയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്നത്.
തിടനാട് പൊന്തനാല്‍ എന്ന കൊച്ചു മലയോര ഗ്രാമത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ് ഊട്ടുപാറ സ്ലീവാമല. തിടനാട് സെന്റ് ജോസഫ് പള്ളിയുടെ തെക്കുകിഴക്കു ദിശയില്‍ ചെമ്മലമറ്റം ഇടവകയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പൊന്തനാല്‍ ഗ്രാമത്തിന്റെ കിഴക്കുഭാഗത്താണ് ഈ പ്രകൃതിരമണീയമായ കുന്ന് സ്ഥിതിചെയ്യുന്നത്.
ഓരോ വെള്ളിയാഴ്ചയും കുരിശിന്റെ പീഡാനുഭവയാത്രയ്ക്കു നേതൃത്വം നല്കി വരുന്നതു പാലാ രൂപതയിലെ വിവിധ ഭക്തസംഘടനകളാണ്. വിശുദ്ധിയുടെ കുരിശുമലയും പ്രകൃതിയുടെ ഹരിതഭംഗിയും സമ്മേളിച്ചിരിക്കുന്ന ഊട്ടുപാറ സ്ലീവാമലയിലേക്കുള്ള ഭക്തരുടെ പീഡനുഭവ അനുസ്മരണയാത്ര നാല്പതാം വെള്ളിയിലേക്കു കടക്കുന്നു.
നാല്പതാം വെള്ളിയാഴ്ചയായ നാളെ വൈകുന്നേരം 4.30നു കുരിശുമലയിലേക്കു സ്ലീവാപ്പാത ആരംഭിക്കും. തുടര്‍ന്നു മണിയംകുളം പള്ളി വികാരി ഫാ. പോള്‍ പാറപ്ലാക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം. ദുഃഖവെള്ളിയാഴ്ച രാവിലെ 9.30നു സ്ലീവാപ്പാത ആരംഭിക്കും. പീഡാനുഭവ വെള്ളി സന്ദേശം വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ നല്‍കും. നേര്ച്ചക്കഞ്ഞിയോടെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ സമാപിക്കും.
ഓരോ വെള്ളിയാഴ്ച കടന്നുപോകുംതോറും വിശ്വാസികളെ ഈ കുന്നിലേക്ക് ആകര്‍ഷിക്കുന്നത് സ്ലീവാമലയുടെ വിശുദ്ധിയും അനുഗ്രഹവും തന്നെയാണ്. ഇവിടെനിന്നു നോക്കിയാല്‍ നീണ്ടുപരന്നു കിടക്കുന്ന താഴ്വാരങ്ങളും സമീപപ്രദേശങ്ങളും ദര്‍ശിക്കാന്‍ കഴിയും. മനസിലേക്കും ശരീരത്തിലേക്കും വീശുന്ന ശാന്തതയും ഇളംകാറ്റിന്റെ കുളിരും പ്രാര്‍ഥനയ്ക്കു ശക്തി പകരുന്നു.
വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, അസി. വികാരി ഫാ. ജോണ്‍ വയലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊട്ടുപാറ നോമ്പുകാല തീര്‍ഥാടനകേന്ദ്രമാക്കി ഒരുക്കിയിരിക്കുന്നു. കൈക്കാരന്മാരായ സജി പ്ലാത്തോട്ടം, സാബു തെള്ളിയില്‍, കുര്യന് തെക്കുംചേരിക്കുന്നേല്‍, മാത്തച്ചന് കുഴിത്തോട്ട് തുടങ്ങിയ വലിയൊരു വിശ്വാസിസമൂഹം അച്ചനൊപ്പം സജീവമായുണ്ട്.