അടുക്കളകള്‍ സ്മാര്‍ട്ടാക്കി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1541215
Wednesday, April 9, 2025 7:14 AM IST
ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ അടുക്കളയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ കൈമാറി. നിര്‍ധനരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ആധുനിക അടുക്കള എന്ന പദ്ധതി നടപ്പിലാക്കിയത്.
വീട് വാര്‍ത്ത കുടുംബങ്ങള്‍ ക്കു വൃത്തിയുള്ള അടുക്കള എന്ന പദ്ധതി പ്രകാരം 29 കുടുംബങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് സഹായം എത്തിച്ചത്. 37.50 ലക്ഷം രൂപയാണ് ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെലവഴിച്ചത്. അടുക്കളയുടെ അകവും പുറവും സിമന്റ് തേച്ച് പെയിന്റ് ചെയ്തു ടൈല്‍ പാകി, ഗ്രാനൈറ്റ് കിച്ചന് ബോര്‍ഡുകള്‍ സ്ഥാപിച്ച് ആധുനികവത്കരിച്ചു. അടുക്കളയിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, ഗ്രൈന്റര്‍, മിക്സി, സിങ്ക്, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങളും കൈമാറി.
വാകത്താനം പഞ്ചായത്തിലെ കോച്ചേരിപ്പറമ്പില് കെ.കെ. തമ്പിയുടെ നിര്‍മാണം പൂര്‍ത്തിയായ ആധുനിക അടുക്കളയിലേക്കാണ് ഉപകരണങ്ങള്‍ കൈമാറിയത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിച്ച നൂതന പദ്ധതി ജോബ് മൈക്കിള്‍ എംഎല്‍എ നിയമസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചതോടെ സംസ്ഥാനമാകെ ആധുനിക അടുക്കള എന്ന സാധാരണക്കാരുടെ സ്വപ്നം നടപ്പിലാക്കാന്‍ സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർദേശിക്കുകയും ചെയ്തു.