കുളവാഴ നീക്കൽ തൊഴിലുറപ്പിൽ ഉള്‍പ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ്
1541212
Wednesday, April 9, 2025 7:14 AM IST
ചങ്ങനാശേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എംജിഎന്‍ആര്‍ഇജിഎസ്) ഉള്‍പ്പെടുത്തി കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍നിന്ന് കുളവാഴ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ഗ്രാമ വികസന മന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് കത്തു നല്കി.
നദികളിലും കനാലുകളിലും നെല്‍വയലുകളിലും അനിയന്ത്രിതമായി കുളവാഴ പെരുകുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതികവും ഉപജീവനപരവുമായ വെല്ലുവിളികള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. നാശകാരിയായ സസ്യങ്ങള്‍ ഉള്‍നാടന്‍ ജലഗതാഗതത്തെ സാരമായി ബാധിക്കുകയും ജലസേചന ചാലുകളെ തടസപ്പെടുത്തുകയും നെല്‍ക്കൃഷിക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമുദ്രനിരപ്പിന് താഴെയുള്ളതും പ്രവര്‍ത്തനക്ഷമമായ ജല പരിപാലന സംവിധാനങ്ങളെ വളരെയധികം ആശ്രയിക്കുന്നതുമായ താഴ്ന്ന കാര്‍ഷിക മേഖലയായ കുട്ടനാട്ടിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് കത്തില്‍ പറഞ്ഞിട്ടുണ്ട്.
കേന്ദ്രാനുമതിയും സാങ്കേതിക പിന്തുണയും ലഭിച്ചാല്‍ കുട്ടനാട്ടിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുളവാഴ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംജിഎന്‍ആര്‍ഇജിഎസിന് കീഴില്‍ അത്തരം ജോലികള്‍ അനുവദിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.