തെങ്ങണയിലെ ബാറില്‍ യുവാവിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ട പ്രതികള്‍ കോട്ടയത്ത് പിടിയില്‍
1541196
Wednesday, April 9, 2025 7:00 AM IST
ചങ്ങനാശേരി: തെങ്ങണയിലുള്ള ബാറില്‍ യുവാവിനെ അക്രമിച്ച് ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പോലീസ് പിടികൂടി. ചങ്ങനാശേരി പുതുപ്പറമ്പ് മുഹമ്മദ് അമീന്(29), കുറിച്ചി തകിടിപ്പറമ്പില്‍ സിയാദ് ഷാജി (32) എന്നിവരാണ് അറസ്റ്റിലായത്.
തെങ്ങണ കണ്ണവട്ടയിലിലുള്ള അമിറ്റി റീജന്‍സിയില്‍ വച്ച് യുവാവിനെ ആക്രമിച്ച ശേഷം കടന്ന ഇവർ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്നു മംഗലാപുരം എക്സ്പ്രസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനില്‍ കയറാനെത്തിയ പരപ്പനങ്ങാടി സ്വദേശിയെ ഇവർ കയറ്റാതെ തടഞ്ഞു.
തുടർന്ന് പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന ബിയര്‍ക്കുപ്പികൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ് പ്രതികളെ പടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ മയക്കുമരുന്ന് കടത്ത്, അടിപിടി തുടങ്ങി നിരവധി കേസുകളുള്ളതായി അന്വേഷണ സംഘം പറഞ്ഞു.