കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം :
1541195
Wednesday, April 9, 2025 7:00 AM IST
കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു
കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് കൈപ്പുണ്യമാണെന്നു മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ മികവു കണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എംപി നാടിന് സമർപ്പിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി പദ്ധതി വിശദീകരണം നടത്തി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പി.എം. മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, പി.ആർ. അനുപമ, കെ.വി. ബിന്ദു, ജെസി ഷാജൻ, സുധാ കുര്യൻ, പി.കെ. വൈശാഖ്, സ്മിത അലക്സ്, കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
എംസി റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്.