അപകടങ്ങളിൽ നട്ടംതിരിഞ്ഞ് നാട്ടകം
1541191
Wednesday, April 9, 2025 7:00 AM IST
ചിങ്ങവനം: എംസി റോഡില്‍ നാട്ടകത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മണിപ്പുഴ മുതല്‍ ചിങ്ങവനം വരെയുള്ള പ്രദേശത്ത് ഏതു നിമിഷവും അപകടങ്ങള്‍ പതിയിരിക്കുന്നുവെന്നാണ് സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ആക്ഷേപം.
എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് കെഎസ്ടിപി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകടങ്ങള്‍ക്ക് ഏറെയും കാരണമെന്നാണ് പൊതുവേയുള്ള ആക്ഷേപം. അശാസ്ത്രീയമായ നിര്‍മാണത്തിനെതിരേ സാമൂഹ്യ പ്രവര്‍ത്തകരടക്കം പരാതികള്‍ ഉന്നയിച്ചിട്ടും വകവയ്ക്കാതെ പോയതിന്റെ ഫലമാണ് ഇപ്പോഴത്തെ അപകടങ്ങള്‍ക്കു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
എംസി റോഡ് വികസനത്തിനുശേഷം നൂറുകണക്കിന് അപകടങ്ങളാണ് അരങ്ങേറുന്നത്. വിവിധ അപകടങ്ങളില്‍പ്പെട്ട് ജീവന് പൊലിഞ്ഞവരും നിരവധിയാണ്. നാട്ടകം സിമന്റ് കവലയ്ക്കും മറിയപ്പള്ളിക്കും ഇടയില്‍ നിയന്ത്രണം തെറ്റി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുകയാണ്.
കോളജുകളും സ്കൂളുകളും ഉള്ള ഈ പ്രദേശത്ത് വാഹനങ്ങളെ നിയന്തിക്കുന്നതിനാവശ്യമായ യാതൊരു നടപടികളും ഇല്ലാത്തത് അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. കൂടാതെ രാത്രിയായാല്‍ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താത്തതും രാത്രികാല യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് മുന്‍ നഗരസഭാ കൗണ്‍സിലറായിരുന്ന അനീഷ് വരമ്പിനകം പറഞ്ഞു.