ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക ഭാരത പാരമ്പര്യം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
1540940
Tuesday, April 8, 2025 11:45 PM IST
പാലാ: ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. പാലാ മരിയസദനത്തില്‍ പുതുതായി നിര്‍മിച്ച പാലിയേറ്റീവ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം പൂര്‍ത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുവിശേഷ സാക്ഷ്യമാണ് മരിയസദനത്തില്‍ കാണുന്നതെന്നും കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ ഇടങ്ങളെ പൂരിപ്പിക്കുന്നുവെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രമുഖ കരാര്‍ കമ്പനിയായ രാജി മാത്യു ആന്‍ഡ് കമ്പനിയാണ് മരിയസദനത്തിന് സൗജന്യമായി ബഹുനില മന്ദിരം നിര്‍മിച്ചത് നല്‍കിയത്.
യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പി.സി. ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സന്തോഷ് മരിയസദനം, രാജി മാത്യു പാംപ്ലാനി, പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, വക്കച്ചന് മറ്റത്തില്‍, ഫാ. ജോര്‍ജ് പഴയപറമ്പില്‍, ബൈജു കൊല്ലംപറമ്പില്‍, പ്രഫ. ടോമി ചെറിയാന് തുടങ്ങിവര്‍ പ്രസംഗിച്ചു.