വയോജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കും: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
1540938
Tuesday, April 8, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനങ്ങൾക്കുള്ള ഇയർ ഫോൺ വിതരണം - ശ്രവണം 2025ന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയോജന വിശ്രമകേന്ദ്രങ്ങളുടെ പരിപാലനച്ചുമതല ത്രിതല പഞ്ചായത്തുകളെ ഏല്‍പ്പിക്കുമെന്നും പഞ്ചാത്തുകളുടെ പിന്തുണയുണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. മെംബർമാരായ ഷക്കീല നസീര്‍, ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനന്, ടി.എസ്. കൃഷ്ണകുമാര്‍, സാജന് കുന്നത്ത്, രത്നമ്മ രവീന്ദ്രന്, പി.കെ. പ്രദീപ്, സിഡിപിഒ മിനി ജോസഫ്, പി.കെ. ഗീത, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, വനിതാ ക്ഷേമ ഓഫീസര്‍ പ്രശാന്ത്, പ്ലാന്‍ ക്ലര്‍ക്ക് കെ.ആര്. ദിലീപ്, ക്ലര്‍ക്ക് അനന്തു മധൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടു മാസം മുമ്പ് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍നിന്നു തെരഞ്ഞെടുത്ത 122 ഗുണഭോക്താക്കള്‍ക്ക് 167 ഇയര്ഫോണുകളാണു സൗജന്യമായി വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 13.40 ലക്ഷം രൂപയാണ് ശ്രവണം-2025 പദ്ധതിക്കായി ചെലവഴിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളായ കെല്‍ട്രോണ്‍ ആണ് വിതരണം എറ്റെടുത്തിരിക്കുന്നത്. ഒരു വര്‍ഷ വാറന്റിയും മെഷീന് നല്കി വരുന്നു.
സമ്മേളനത്തിൽ ശുചിത്വ കേരളം പദ്ധതിയില്‍ ജില്ലാതലത്തില്‍ ഒന്നാമതെത്തിയ ഗ്രീന്‍നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവഹികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് മെംബര്‍ ജോണിക്കുട്ടി മഠത്തിനകം, ഷാജി പാടിക്കൻ, നാസര്‍ മുണ്ടക്കയം എന്നിവർ ആദരിച്ചു.