ശക്തമായ കാറ്റ്: ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1540934
Tuesday, April 8, 2025 11:45 PM IST
മുണ്ടക്കയം ഈസ്റ്റ്: ശക്തമായ കാറ്റിൽ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30ഓടെ കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മരുതുംമൂടിന് സമീപവും മുപ്പത്താറാംമൈലിലുമാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.
മരുതുംമൂടിന് സമീപം പാതയോരത്ത് നിന്ന വൻ മരമാണ് കടപുഴകി റോഡിലേക്കു വീണത്. ഈ സമയം മുണ്ടക്കയത്തുനിന്നു പെരുവന്താനത്തേക്കു പോകുകയായിരുന്ന പെരുവന്താനം സ്വദേശി പുതുപ്പറമ്പിൽ വി.എസ്. അൻസാദിന്റെ കാറിനു മുകളിലേക്കാണ് മരത്തിന്റെ ശിഖരം പതിച്ചത്. അൻസാദ് കുടുംബസമേതമാണ് യാത്ര ചെയ്തിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഗ്ലാസുകൾ തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മുപ്പത്താറാംമൈലിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.