വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
1540272
Sunday, April 6, 2025 7:33 AM IST
നെടുംകുന്നം: പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം നടത്തി. ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. മെഡിക്കൽ ക്യാമ്പ് നടത്തി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.
വീൽ ചെയർ, ഹിയറിംഗ് എയ്ഡ്, വാക്കർ, വാക്കിംഗ് സ്റ്റിക്ക് എന്നിവയാണ് 22 പേർക്ക് വിതരണം നടത്തിയത്. 2025 - 26 വാർഷിക പദ്ധതിയിൽ 2.50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കൂടുതൽ ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു വർഗീസ്, പഞ്ചായത്തംഗങ്ങളായ രവി വി. സോമൻ, വീണ ബി. നായർ, പ്രിയ ശ്രീരാജ്, ശ്രീജ മനു, സെക്രട്ടറി ഷിജുകുമാർ സി. തുടങ്ങിയവർ പങ്കെടുത്തു.