ഇലക്ട്രിക് വീൽച്ചെയർ മമ്മൂട്ടി നൽകി; നീനുവിന് സ്വപ്നങ്ങളിലേക്ക് പറക്കാം
1540252
Sunday, April 6, 2025 7:21 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചെത്തിപ്പുഴ മേഴ്സി ഹോമിലെ അന്തേവാസിയായ നീനുവിന് മുമ്പോട്ടു കുതിക്കണമെന്നുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കി ചലച്ചിത്രതാരം മമ്മൂട്ടി. തുടര്‍പഠനത്തിന് തിരുവനന്തപുരത്ത് വൊക്കേഷണല്‍ കോഴ്സിനു പോകാന്‍ തയാറെടുക്കുന്ന നീനുവിന് മൂന്നാം നിലയിലുള്ള തന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്താൻ മറ്റൊരാളെ ആശ്രയിക്കണമെന്നത് പ്രതിസന്ധിയായിരുന്നു. ഇതിന് ഒരു ഇലക്ട്രിക് വീല്‍ച്ചെയര്‍ സ്വന്തമാക്കാന്‍ നീനു ആഗ്രഹിച്ചിരുന്നു.
ചലച്ചിത്രതാരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംരംഭമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് നീനുവിന്റെ ആഗ്രഹമറിയുകയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ നീനുവിനെ സന്ദര്‍ശിച്ച് ഇലക്ട്രിക് വീൽച്ചെയർ നല്കാന് തീരുമാനിക്കുകയായിരുന്നു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് “ചലനം’’ പദ്ധതിയിലൂടെ നിരവധിയാളുകള്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ മേഴ്സി ഹോമില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നീനുവിന് വീല്‍ചെയര്‍ കൈമാറി. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍ രാജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ദീപ്തി ജോസ്, മേഴ്സി ഹോം ഡയറക്ടര്‍ സിസ്റ്റര്‍ സെലിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
മമ്മൂക്കയ്ക്കും കെയര്‍ ആൻഡ് ഷെയറിനും നന്ദി പറഞ്ഞ് നീനു
എന്റെ സ്വപ്നമായിരുന്നു തുടര്‍പഠനം, അതിലേക്ക് നടന്നു കയറാന്‍ ഏറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അതിനേറ്റവും കൂടുതല്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒന്നാണ് ഒരു ഇലക്ട്രിക് വീല്‍ചെയര്‍. എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി തന്നത് മമ്മൂക്കയാണ്.
അദ്ദേഹത്തോടും കെയര്‍ ആന്‍ഡ് ഷെയറിനോടുമുള്ള നന്ദിയും കടപ്പാടും താനൊരിക്കലും വിസ്മരിക്കില്ല.- ഇലക്ട്രിക് വീല്‍ചെയര്‍ ഏറ്റുവാങ്ങിയശേഷം നീനു പറഞ്ഞു. ചടങ്ങില്‍ ഏബല്‍ ജോസ്, കെവിന് കുര്യന് എന്നിവരും പങ്കെടുത്തു.