വയോധിക ദമ്പതികൾ താമസിക്കുന്ന വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്നു
1540309
Sunday, April 6, 2025 11:52 PM IST
തലയോലപ്പറമ്പ്: വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുൻവശത്തെ വാതിൽ കുത്തി ത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നോടെ മോഷണം നടന്നത്.
ഏതാനും ദിവസം മുമ്പ് വീട്ടുകാർ സ്ഥാപിച്ച സിസിടിവി കാമറകൾ തിരിച്ചുവച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. മോഷണത്തിന് ശേഷം വീടിനുള്ളിലുണ്ടായിരുന്ന ഹാർഡ് ഡിസ്കും മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയി. മുറിക്കുള്ളിലെ മേശവലിപ്പിൽനിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.
ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു. വിമുക്തഭടനായ സെബാസ്റ്റ്യനും റിട്ട. നഴ്സിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുടമ ടോർച്ച് അടിച്ച് നോക്കിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു.
വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ട് ദിവസം മുമ്പാണ് ബാങ്കിൽ നിന്നും പെൻഷൻ തുക പിൻവലിച്ച് കൊണ്ടുവന്ന് അലമാരയിൽ സൂക്ഷിച്ചത്.
തലയോലപ്പറമ്പ് എസ്ഐ കെ.ജി. ജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
പണം അപഹരിച്ചത് പ്രഫഷണൽ മോഷണ സംഘമാണെന്നാണ് പോലീസ് നിഗമനം. വീട്ടിലെ സാഹചര്യങ്ങൾ അറിയാവുന്നവരുടെ സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ രാത്രി സമീപ സ്ഥലത്തുള്ള റെയിൽവേ പാലത്തിനു സമീപത്തുള്ള വീട്ടിലും മോഷണം നടന്നിരുന്നു. വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ അന്വേഷണമുണ്ടായില്ല.