ലഹരിക്കെതിരേ അത്ലറ്റുകളുടെ മാരത്തണ്‍
1540247
Sunday, April 6, 2025 7:21 AM IST
കടുത്തുരുത്തി: ലഹരിക്കും ലഹരി ഉപയോഗത്തെത്തുടര്‍ന്നുള്ള അതിക്രമങ്ങള്‍ക്കുമെതിരേ അന്താരാഷ്ട്ര മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ മാസ്റ്റേഴ്സ് അത്ലറ്റുകളുടെ നേതൃത്വത്തില്‍ കല്ലറയില്‍നിന്നു കടുത്തുരുത്തിയിലേക്കു ലഹരിവിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു. കടുത്തുരുത്തി ജനമൈത്രി പോലീസ്, കല്ലറ, മാഞ്ഞൂര്‍, കടത്തുരുത്തി പഞ്ചായത്തുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ കല്ലറ സ്വദേശിയും ലഹരിവിരുദ്ധ പ്രവര്‍ത്തകനുമായ വിനീത് പടന്നമാക്കലിന്റെ നേതൃത്വത്തില്‍ ഇന്ത്യക്കായി വിവിധ രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മെഡലുകള്‍ നേടിയ 21 ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റുകള് മാരത്തണില്‍ പങ്കെടുത്തു.
രാവിലെ 7.45ന് കല്ലറ പഴയപള്ളിയങ്കണത്തില്നിന്ന് ആരംഭിച്ച മാരത്തണ്‍ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്കിറ്റും ഫ്ളാഷ് മോബും പരിപാടിയുടെ ഭാഗമായി വിവിധ കേന്ദങ്ങളില്‍ അവതരിപ്പിച്ചു.
നജുമുദീന് ലഹരിവിരുദ്ധ സന്ദേശം നല്കി. സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് കുറുപ്പന്തറ, എന്‍എസ്എസ് എച്ച്എസ്എസ് കല്ലറ, ശാരദ വിലാസിനി സ്കൂള്‍ എന്നിവടങ്ങളിലെ കുട്ടികളും മറ്റപ്പള്ളി റെസിഡന്‍സ് അസോസിയേഷന് അംഗങ്ങളും മാന്‍വെട്ടം മാതൃവേദി, കുന്നത്തു കളരി, ഷോട്ടോഖാന്‍ കരാട്ടേ, അര്ജുന് ഫിറ്റ്നസ് എന്നിവടങ്ങളിലെ കുട്ടികളും മാരത്തണില്‍ പങ്കെടുത്തു.