വലിയമട വാട്ടർപാർക്ക് ഉദ്ഘാടനം നാളെ
1540230
Sunday, April 6, 2025 7:11 AM IST
അയ്മനം: ടൂറിസം രംഗത്ത് പുതുചരിത്രമായി മാറുന്ന വലിയ മട വാട്ടർപാർക്ക് ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം ഏഴിന് മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം നിർവഹിക്കുക.
കുടുംബവുമൊത്ത് സായാഹ്നം ചെലവഴിക്കാൻ ഉത്തമ ഇടമാണ് കുമരകം കവണാറ്റിൻകര വലിയമട വാട്ടർപാർക്ക്. ടൂറിസം വകുപ്പാണ് അയ്മനം പഞ്ചായത്ത് ഉടമസ്ഥതയിൽ അഞ്ചരയേക്കർ വിസ്തൃതിയുള്ള വലിയമടകുളം നവീകരിച്ച് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാലാക്കിയിരിക്കുന്നത്.
കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്ളോട്ടിംഗ് റെസ്റ്ററന്റ്, ഫ്ളോട്ടിംഗ് വാക്വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയാണ് പാർക്കിന്റെ പ്രത്യേകതകൾ .
30 വർഷമായി വ്യവസായ രംഗത്തും 20 വർഷമായി ടൂറിസം രംഗത്തും സജീവമായ ഗാർഗി ഇവന്റ്സ് ആൻഡ് പ്ലാനേഴ്സാണ് വലിയമട വാട്ടർ പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. 50 രൂപയാണ് പ്രവേശന ഫീസ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഗാർഗി ഗ്രൂപ്പ് സിഇഒ ഗാർഗി രാജേഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.