വിശുദ്ധവാര തീർഥാടനം: കുടമാളൂർ ഒരുങ്ങി
1540246
Sunday, April 6, 2025 7:21 AM IST
കുടമാളൂർ: വിശുദ്ധവാര തീർഥാടനതിനായി കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ. വിശുദ്ധദിനങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ തീർഥാടകരായി കുടമാളൂരിലെത്തും.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നീന്തുനേർച്ച, തമുക്ക് നേർച്ച, പാളയും കയറും നേർച്ച, നഗരികാണിക്കൽ ശുശ്രൂഷ, പീഡാനുഭവ പ്രദർശന ധ്യാനം, നേർച്ചക്കഞ്ഞി തുടങ്ങിയവയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നാല്പതാം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും 501 അംഗ വോളണ്ടിയർ ടീമും രൂപീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചിട്ടുണ്ട്. വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജസ്റ്റിൻ വരവുകാലായിൽ, ഫാ. പ്രിൻസ് എതിരേറ്റുകുടിലിൽ, കൈക്കാരന്മാരായ സോണി ജോസഫ് നെടുംതകടി, പി.എം. മാത്യു പാറയിൽ, പ്ലാസിഡ് വർഗീസ് കുരിശുംമൂട്ടിൽ, എം.ടി. ആന്റണി ആറുപറയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറമ്പിൽ,
പിആർഒ ജോർജ് ജോസഫ് പാണംപറമ്പിൽ, ജനറൽ കൺവീനർ ബിനു ടി. ജോസഫ് താഴത്തുമുറിയിൽ, പി.എസ്. ദേവസ്യ പാലത്തൂർ, വിവിധ കമ്മിറ്റി കൺവീനർമാർ, കൂട്ടായ്മാ ലീഡേഴ്സ്, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ വിശുദ്ധവാര തീർഥാടനത്തിന് നേതൃത്വം നൽകും.