സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ദാനം
1540268
Sunday, April 6, 2025 7:26 AM IST
ചങ്ങനാശേരി: സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്കിയ 34 വീടുകളുടെ താക്കോല്‍ദാനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. നന്മകള് ചെയ്യുന്നവര്‍ക്കെന്നും ആദരവു നല്‍കണമെന്നും തലചായ്ക്കാന്‍ ഇടമില്ലാത്ത കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചു നല്കിയ കാരുണ്യം ഏറ്റവും വലിയ പുണ്യമാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, എന്‍എസ്എസ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍, പുതൂര്‍ പള്ളി ജമാ അത്ത് പ്രസിഡന്റ് അഡ്വ.ടി.പി. അബ്ദുള്‍ ഹമീദ്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എസ്ബി കോളജ് മുന്‍പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, സി.ജെ. ജോസഫ്, ജോസഫ് പായിക്കാടന്‍, കുര്യന് തൂമ്പുങ്കല്‍, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ടോമി ഈപ്പന്, ട്രസ്റ്റ് ചെയര്മാന് ഡോ. ജോര്‍ജ് പീടിയേക്കല്‍, ഡോ. ലീലാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജോര്‍ജ് പീടിയേക്കലിന്റെ മക്കളും വിദഗ്ധ ഡോക്ടര്‍മാരുമായ ഡോ. ജെഫേഴ്സണ്‍ ജോര്‍ജ്, ഡോ. റോബിന് ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.