ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് : അഗതിമന്ദിരത്തിന്റെ പേരിലുള്ള റവന്യൂ റിക്കവറി നടപടി മരവിപ്പിച്ചു
1540267
Sunday, April 6, 2025 7:26 AM IST
കോട്ടയം: തൃക്കൊടിത്താനം പൊട്ടശേരിയിലെ അനാഥ-അഗതി മന്ദിരത്തിന്റെ പേരില്‍ റവന്യൂ റിക്കവറി നടപടിയെടുത്തത് നിയമപ്രകാരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷന്. കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗിലാണ് അംഗം എ. സൈഫുദ്ദീന് നടപടി സ്വീകരിച്ചത്.
വഖഫ് ബോര്‍ഡിലേക്കുള്ള വിഹിതം അടയ്ക്കുന്നതിലും കണക്ക് സമര്‍പ്പിക്കുന്നതിലും വീഴ്ച വരുത്തിയെന്നതിന്റെ പേരില്‍ സ്ഥാപന സെക്രട്ടറിയുടെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവില്‍ റവന്യൂ റിക്കവറി നടത്തിയത് അംഗീകരിക്കാനാവില്ലെന്നു കമ്മീഷന് പറഞ്ഞു. വഖഫ് ബോര്‍ഡ് എടുത്ത നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബോര്‍ഡ് ഡിവിഷണല്‍ ഓഫീസറെ ശക്തമായ ഭാഷയില്‍ താക്കീതു ചെയ്ത കമ്മീഷന് നടപടി അസ്ഥിരപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു.
കേരള ഗ്രാമീണ്‍ ബാങ്കില്‍നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് പരാതി നല്കിയ താഴത്തുവടകര സ്വദേശി ബാങ്ക് നടപടികളുമായി സഹകരിക്കാത്തതിനാല്‍ പരാതി തീര്‍പ്പാക്കി.
ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും കമ്മീഷന് മുമ്പാകെ വന്നത്. സിറ്റിംഗില്‍ ആറു പരാതികളാണ് പരിഗണനയ്ക്കു വന്നത്. നാല് പരാതികള്‍ പരിഹരിച്ചു. രണ്ട് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.