രണ്ടുവയസുകാരന് നീരവിനെ രക്ഷിക്കാൻ ഇന്ന് തൃക്കൊടിത്താനത്ത് ധനസമാഹരണം
1540264
Sunday, April 6, 2025 7:26 AM IST
തൃക്കൊടിത്താനം: തല്‍സീമിയ എന്ന അപൂര്‍വ രോഗം ബാധിച്ച് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന രണ്ടുവയസുകാരന് നീരവിന്റെ ജീവന് രക്ഷിക്കാന്‍ ഇന്ന് നാടൊന്നിക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്ത് നാലാം വാര്‍ഡ് മണികണ്ഠവയല്‍ വലിയവീട്ടില്‍ ശ്യാം-അനു ദമ്പതികളുടെ മകനാണ് നീരവ്. രണ്ട് വര്‍ഷമായി കോട്ടയം ഐസിഎച്ച്, ആര്‍സിസി എന്നിവിടങ്ങളില്‍ ഈ കുരുന്ന് ചികിത്സയിലാണ്.
ഇന്ന് രാവിലെ ഒമ്പതുമുതല്‍ രണ്ടുവരെ തൃക്കൊടിത്താനം പഞ്ചായത്തിലെ 2, 3, 4, 5, 6, 7, 8, 14, 15, 16, 17, 18, 19 വാര്‍ഡുകളില്‍ നടക്കുന്ന ധന സമാഹരണം വിജയിപ്പിക്കണമെന്ന് ജീവന് രക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു. നീരവിന്റെ പിതാവ് ശ്യാം മജ്ജ നല്‍കും. ശസ്ത്രക്രിയയും തുടര്‍ചികിത്സയുമായി 40 ലക്ഷം രൂപയാണ് ആവശ്യം. രണ്ട് വര്‍ഷക്കാലത്തെ ചികിത്സയിലൂടെ കടബാധ്യതയിലായ നിര്‍ധന കുടുംബത്തിന് ഈ തുക അപ്രാപ്യമാണ്.
നീരവിന്റെ ജീവന് നിലനിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തൃക്കൊടിത്താനം പഞ്ചായത്തും ചങ്ങനാശേരി പ്രത്യാശയും ചേര്‍ന്ന് തൃക്കൊടിത്താനം ജീവന് രക്ഷാ സമിതി രൂപീകരിച്ച് ഒരു മാസമായി പ്രവര്‍ത്തിച്ചുവരികയാണ്. പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജനറല്‍ കണ്‍വീനര്‍ കെ.എസ്. ഷാജി, പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജനപ്രതിനിധികള്‍, വാര്‍ഡ് കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.