മാതൃകാപരമായ നടപടി ഉണ്ടാകണം: കത്തോലിക്ക കോണ്‍ഗ്രസ്
1540245
Sunday, April 6, 2025 7:21 AM IST
പാലാ: മധ്യപ്രദേശിലെ ജബല്‍പുരില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ അകാരണമായി തല്ലിത്തകര്‍ക്കുകയും വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായരെയും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
നിക്ഷിപ്ത താത്പര്യക്കാര്‍ മതവികാരം ദുരുപയോഗം ചെയ്യുന്നതിനും അക്രമത്തിന് ഉപയോഗിക്കുന്നതിനും ഏറ്റവും വലിയ ഉദാഹരണമാണ് അവിടെ സംഭവിച്ചത്. പോലീസിന്റെ സാന്നിധ്യത്തില്‍, അവര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേ അക്രമം നടന്നത് അങ്ങേയറ്റം ഗൗരവതരമാണ്. ഭരണഘടനാപരമായ അവകാശം എല്ലാ സമുദായത്തിനും ലഭ്യമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, ബെന്നി കിണറ്റുകര, എഡ്വിന് പാമ്പാറ, സാബു പ്ലാത്തോട്ടം, ടോമിച്ചന് പഴേമടം, സെബാസ്റ്റ്യന്‍ കൊള്ളികൊളവിയില്, അജിത് അരിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.