കടുത്തുരുത്തി-പിറവം റോഡ് റീടാറിംഗ്: ഫയലിൽ മന്ത്രി ഒപ്പിട്ടു
1540244
Sunday, April 6, 2025 7:21 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് റീടാറിംഗിനുള്ള ഫയല്‍ ധനമന്ത്രി ഒപ്പുവച്ചു. വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഏറ്റെടുത്തിരുന്ന കടുത്തുരുത്തി-പിറവം റോഡിന്റെ അറുന്നൂറ്റിമംഗലം മുതല്‍ കടുത്തുരുത്തി വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിനും റീടാറിംഗിനും വേണ്ടി ധനകാര്യവകുപ്പ് പുനഃപരിശോധന നടത്തി സമര്‍പിച്ച ഫയല്‍ അംഗീകരിച്ചാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്നലെ ഒപ്പുവച്ചത്.
വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള റോഡ് പുനരുദ്ധാരണത്തിനുവേണ്ടി 2.67 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിലേക്ക് ഡെപ്പോസിറ്റ് ചെയ്തത്. ഈ ഫണ്ട് വിനിയോഗിച്ചു റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ധനകാര്യവകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
ഇതു സംബന്ധിച്ച ഫയല്‍ ധനകാര്യ, പൊതുമരാമത്ത് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷം ഉത്തരവ് ഇറക്കുന്നതിന്റെ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ചെയിനേജില്‍ ന്യൂനതയുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഫയല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പുനഃപരിശോധനയ്ക്കായി മടക്കി അയക്കുകയും ചെയ്തു.
ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ നേതൃത്വത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കുകയും ന്യൂനതകള്‍ പരിശോധിച്ചു സര്‍ക്കാര്‍ അനുമതിക്കുവേണ്ടി പുതുക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയ്ക്കും ഉത്തരവിനും വേണ്ടി അടുത്ത ഘട്ടത്തിലേക്ക് ഫയല്‍ അയയ്ക്കും. ഇതിനുശേഷമേ റോഡിന്റെ ഭരണാനുമതി ലഭിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനാവൂയെന്ന് മോൻസ് ജോസഫ് എംഎല്‍എ അറിയിച്ചു.