കെഎസ്ആര്‍ടിസി സ്റ്റേഷന് പുനർനിർമാണം : താത്കാലിക കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിർമിക്കണം: വികസന സമിതി
1540262
Sunday, April 6, 2025 7:26 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി സ്റ്റേഷന് പുനർനിര്‍മാണത്തിനായി അടച്ചതിനാല്‍ ബസ് സ്റ്റാന്‍ഡിനു മുമ്പിലും മുനിസിപ്പല്‍ ഓഫീസിനു മുമ്പിലും ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കായി കാത്തിരിപ്പു ഷെഡുകള്‍ സ്ഥാപിക്കണമെന്ന് ചങ്ങനാശേരി താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പിലും മുനിസിപ്പല്‍ കാര്യാലയത്തിനു മുമ്പിലും ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് മഴയും വെയിലുമേറ്റ് നില്‍ക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാകുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബസ് സ്റ്റോപ്പുകള്‍ എവിടെയാണെന്ന് ഇപ്പോഴും യാത്രക്കാര്‍ക്കു മനസിലായിട്ടില്ല. അതിനാല്‍ അടിയന്തരമായി ബസ് സ്റ്റോപ്പ് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍നിന്നു കറുകച്ചാല്‍ പോലീസ് സ്റ്റേഷനെ കാഞ്ഞിരപ്പള്ളി കോടതി പരിധിയിലേക്കു മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
നഗരത്തിലെ ഇറച്ചിക്കടകളില്നിന്നു അറവുമാലിന്യങ്ങള്‍ തള്ളുന്നതാണ് തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരത്തിലെ പല ജൗളിവ്യാപാര സ്ഥാപനങ്ങളും തൊഴില്‍നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്നതായും ഇതു തൊഴില്‍വകുപ്പ് പരിശോധിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
ജലജീവന്‍ പദ്ധതിക്ക് പൈപ്പുകള്‍ സ്ഥാപിക്കാനെടുത്ത കുഴികള്മൂടി റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ വൈകുന്നതിലും റവന്യൂ ടവറിലെ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കാത്തതിലും യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.
ജോസി കല്ലുകളം അധ്യക്ഷത വഹിച്ചു. പി.എന്‍. അമീര്‍, അഷറഫ് ഷൈനു, ജയിംസ് കാലാവടക്കന്‍, തഹസില്‍ദാര്‍ പി.ടി. സുരേഷ്കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.പി. അജിമോന് തുടങ്ങിയവര്‍ പങ്കെടുത്തു.