നാട്ടില്‍ വന്യമൃഗങ്ങളെ പലതവണ കണ്ടിട്ടുള്ളതായി നാട്ടുകാര്‍
1540243
Sunday, April 6, 2025 7:21 AM IST
കാപ്പുന്തല: നാട്ടില്‍ വന്യമൃഗങ്ങളെ പലതവണ കണ്ടിട്ടുള്ളതായും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. കുറുക്കന്, മുള്ളന്‍പന്നി, കാട്ടുപാക്കാന്, കുരങ്ങ്, മരപ്പട്ടി എന്നിങ്ങനെ നിരവധി കാട്ടുമൃഗങ്ങളെ കണ്ടതായാണ് നാട്ടുകാര്‍ പലരും പറയുന്നത്.
വ്യാഴാഴ്ച രാത്രി 10.45ന് കാപ്പുന്തല മാപ്പിളപ്പറമ്പില്‍ ജോമോന് (27) പുലിയെപ്പോലെ തോന്നിക്കുന്ന വന്യമൃഗത്തെ കണ്ടതായി അറിയിച്ചതിനു പിന്നാലെയാണ് നാട്ടുകാര്‍ പലരും പ്രദേശത്ത് വന്യമൃഗങ്ങള്‍ വ്യാപകമാണെന്നും പലപ്പോഴും ഇവയെ കണ്ടിട്ടുള്ളതായും അറിയിച്ചു രംഗത്തുവന്നിരിക്കുന്നത്.
രാത്രിയില്‍ നടക്കാനിറങ്ങിയ ജോമോന് വീട്ടിലേക്കു മടങ്ങുന്ന വഴിക്കാണ് ഫാത്തിമാപുരം പള്ളിക്കു സമീപത്തുവച്ച് വന്യമൃഗത്തെ കണ്ടത്. രാത്രിയായാല്‍ പതിവായി കുരുക്കന് ഓരിയിടുന്നത് കേള്‍ക്കാമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കാപ്പുന്തല ഫാത്തിമാപുരം പള്ളിയുടെ പിറകില്‍ മുകള്‍ ഭാഗത്തായി സ്വകാര്യവ്യക്തികളുടെ റബര്‍ത്തോട്ടങ്ങള്‍ കാലങ്ങളായി ടാപ്പിംഗ് നടത്താതെ കിടക്കുകയാണ്. ഇവയൊന്നും വര്‍ഷങ്ങളായി തെളിച്ചിട്ടില്ല. ഇവിടെയെല്ലാം അടിക്കാടുകള്‍ വളര്‍ന്ന നിലയിലാണ്. ഇവിടെയാണ് കാട്ടുമൃഗങ്ങള്‍ ആവസിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതു വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
സ്ഥലത്തിന്റെ ഉടമകള്‍ പലരും നാട്ടില്‍ ഇല്ലാത്തവരാണെന്നും പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി വിഷയത്തില്‍ ഇടപെടുമെന്നും അറിയിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പുകള്‍ വെട്ടിത്തെളിക്കാന്‍ സ്ഥല ഉടമകള്‍ക്കു നിര്‍ദേശം നല്‍കുമെന്നും അറിയിച്ചു.
വിഷയത്തില്‍ പഞ്ചായത്തും ഇടപെടുമെന്നും തൊഴിലുറപ്പു പദ്ധതിയില്പ്പെടുത്തിയാണെങ്കിലും ഇവിടുത്തെ കാട് തെളിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ തോമസ് പനയ്ക്കനും അറിയിച്ചു.