മദ്യപിച്ച് ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ കസ്റ്റഡിയില്‍
1540226
Sunday, April 6, 2025 7:11 AM IST
ചിങ്ങവനം: അറ്റകുറ്റപ്പണികള്‍ക്കുശേഷം തിരികെ കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍നിന്നുമെത്തിയ മറ്റൊരു സ്വകാര്യ ബസില്‍ ഇടിച്ചു കയറി. പാക്കില്‍-ചിങ്ങവനം റോഡില്‍ ഇല്ലിവളവിലായിരുന്നു സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവറെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു.
വടവാതൂര്‍-തേമ്പ്രവാല്‍ക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ബസില്‍ ജീസസ് ബസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
കുറിച്ചിയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കുശേഷം വേളൂരിലെ യാര്‍ഡിലേക്ക് ബസ് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്താണ് ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന സെന്റ് തോമസ് ബസില്‍ ഇടിച്ചത്. നിറയെ യാത്രക്കാരുമായാണ് സെന്റ് തോമസ് ബസ് എത്തിയത്. രണ്ടു ബസിന്റെയും മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.
അപകടത്തില്‍പ്പെട്ട ജീസസ് ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.