ബോട്ട് സർവീസിനു തടസമായി തോട്ടിൽ തെങ്ങ്
1540224
Sunday, April 6, 2025 7:11 AM IST
അയ്മനം: ജലപാതയിൽ തെങ്ങ് വീണുകിടക്കുന്നത് ബോട്ട് സർവീസിന് പ്രതിസന്ധിയായി. അടിയന്തര പരിഹാരം കാണണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽനിന്നും മണിയാപറമ്പിലേക്ക് സർവീസ് നടത്തുന്ന റൂട്ടിൽ ചൂരത്ര ജെട്ടിക്ക് സമീപത്തെ ജലപാതയിലാണ് തെങ്ങു വീണ് കിടക്കുന്നത്.
സർവീസ് ബോട്ടുകൾക്ക് അപകടമുണ്ടാകാൻ ഇതുമൂലംസാധ്യത ഏറെയാണ്. ഈ ജലപാതയിൽ ജെട്ടിക്കു സമീപം വലിയ കടകൽ (പുൽക്കൂട്ടം) കൂട്ടങ്ങൾ ഒഴുകി നടക്കുന്നതും ബോട്ട് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. ബോട്ടുകളുടെ പങ്കകളിൽ ചവറുകൾ കുടുങ്ങുന്നതിനാൽ അരമണിക്കൂറോളം വൈകിയാണ് ബോട്ട് സർവീസ് നടത്തുന്നത്.
കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുന്ന പ്രദേശവാസികളും ആരോഗ്യ പ്രവർത്തകരും മണിയാപറമ്പ് ബോട്ട് സർവീസിനെയാണ് ആശ്രയിക്കുന്നത്. അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകൾ മുൻകൈയെടുത്ത് ജലപാതയിലെ തടസങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജലഗതാഗത വകുപ്പ് മുഹമ്മ ബോട്ട് ജെട്ടിക്കു സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കൂപ്പപുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ, പി.സി. ലാൽ, കെ.കെ. രാജേഷ്, ഷൈൻ കുമാർ, മനോജ് മുഹമ്മ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.