ഓൾഡ് എംസി റോഡിൽ നിയന്ത്രണമില്ലാതെ സ്വകാര്യ ബസുകളുടെ പാച്ചിൽ
1540223
Sunday, April 6, 2025 7:11 AM IST
നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
ഏറ്റുമാനൂർ: ഓൾഡ് എംസി റോഡിലൂടെയുള്ള സ്വകാര്യ ബസുകളുടെ വേഗപ്പാച്ചിൽ അപകടഭീതിയുയർത്തുന്നു. പാറോലിക്കലിനും ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുമിടയിലാണ് ചില സ്വകാര്യ ബസുകൾ അമിത വേഗത്തിൽ പായുന്നത്.
എംസി റോഡിൽ പാറോലിക്കലിനും ഏറ്റുമാനൂർ ടൗണിനുമിടയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് ബസുകളുമായുള്ള മത്സര ഓട്ടത്തിനിടയിലുമെല്ലാം ചില സ്വകാര്യ ബസുകൾ പാറോലിക്കൽ ജംഗ്ഷനിൽനിന്ന് ഓൾഡ് എംസി റോഡിൽ പ്രവേശിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു പോകാറുണ്ട്.
ഓൾഡ് എംസി റോഡിന്റെ ഏറ്റവും വീതി കുറഞ്ഞതും വളവുകളുള്ളതുമായ ഭാഗമാണിത്. ഈ റോഡിലൂടെ സകല ഗതാഗത നിയമങ്ങളെയും വെല്ലുവിളിച്ച് അമിത വേഗത്തിലാണ് ചില ബസുകൾ ചീറിപ്പായുന്നത്. ഇടതുവശം ചേർന്നു പോകേണ്ട ബസുകൾ ഓവർടേക്കിംഗിനല്ലാതെ, വലതു വശത്തുകൂടി പോകുന്നത് എതിരേ വരുന്ന വാഹനങ്ങൾക്കു ഭീഷണിയാകുന്നു. ഇരുചക്ര വാഹനങ്ങളും കാൽ നട യാത്രികരും അപകട ഭീതിയിൽ യാത്ര ചെയ്യേണ്ട സാഹചര്യമാണ്.
കഴിഞ്ഞദിവസം സ്വകാര്യബസിന്റെ മരണപ്പാച്ചിലിനിടെ തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രികൻ ബസിനെ പിന്തുടർന്ന് ബസ് സ്റ്റാൻഡിലെത്തി ബസ് ഡ്രൈവറെ ചോദ്യം ചെയ്തതും യുവാവിനു പോലീസിന്റെ മർദ്ദനമേറ്റതും വിവാദമായിരുന്നു. ഓൾഡ് എംസി റോഡിലൂടെയുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ പോലീസും നഗരസഭയും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.