നഗരം മടുത്തോ? കരിയംപാടത്തേക്കു പോരൂ..! കരിയംപാടം ടൂറിസ്റ്റ് വില്ലേജ് സമര്‍പ്പണം 12ന്
1540221
Sunday, April 6, 2025 7:11 AM IST
കോട്ടയം: വിശാലമായ നൂറേക്കര്‍ പാടശേഖരവും ജലസമൃദ്ധമായ തോടും ഗ്രാമീണതയും ഒത്തുചേരുന്ന കരിയംപാടം ടൂറിസ്റ്റ് വില്ലേജ് നാടിനു സമര്‍പ്പിക്കുന്നു. നഗരപരിധിയിലുള്ള ആദ്യത്തെ ഗ്രാമീണ ടൂറിസം പദ്ധതിയാണിത്. കോട്ടയം നഗരസഭയുടെ 51-ാം വാര്‍ഡായ കുമാരനല്ലൂര്‍ കളരിക്കല്‍ പ്രദേശത്താണ് ടൂറിസ്റ്റ് വില്ലേജ്.
ടൂറിസ്റ്റ് വില്ലേജിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കിലോമീറ്റര്‍ നീളത്തില്‍ പരന്നുകടിക്കുന്ന വിശാലമായ പാടശേഖരവും മധ്യത്തിലൂടെയുള്ള തോടും തോടിന്റെ അരികിലൂടെ മൂന്നു മീറ്റര്‍ വീതിയിൽ നിർമിച്ച നടപ്പാതയുമാണ്. ഈ നടപ്പാത പൂര്‍ണമായും കയര്‍ ഭൂവസ്ത്രം വിരിച്ചു മനോഹരമാക്കിയിരിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പ്രവൃത്തികളിൽ കയര്‍ ഭൂവസ്ത്രം വിരിച്ച ഏറ്റവും നീളം കൂടിയ നടപ്പാതയാണിത്. ഇതിലൂടെ സഞ്ചാരികള്‍ക്ക് നടന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനാകും.
കോട്ടയം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് ടൂറിസ്റ്റ് വില്ലേജിന്റെ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ആക്ഷന്‍ പ്ലാനിലുള്ള പ്രവൃത്തിയായാണ് ബണ്ട് സംരക്ഷണം നടപ്പാക്കിയത്. പെഡസ്റ്റല്‍ ബോട്ടുകളും ഇരിപ്പടങ്ങളും നാട്ടുകാരുടെ സഹകരണത്തോടെയാണ് വാങ്ങിയത്.
12നു വൈകുന്നേരം അഞ്ചിനു മന്ത്രി വി.എന്‍. വാസവന് ടൂറിസ്റ്റ് വില്ലേജ് നാടിന് സമര്‍പ്പിക്കും.
കരിഞ്ഞ പാടം കരിയംപാടമായി
കരിഞ്ഞപാടം കരിയംപാടമാകുകയായിരുന്നു. പുരാതന കാലത്ത് മഴയെ ആശ്രയിച്ചു മാത്രമാണ് കരിയംപാടത്ത് കൃഷി ചെയ്തുകൊണ്ടിരുന്നത് ഇതുമൂലം നെല്ല് വിതച്ച് കിളിർത്താലും മഴ പെയ്തില്ലെങ്കില്‍ നെൽച്ചെടികള്‍ കരിഞ്ഞുപോകുന്നത് തുടര്‍ച്ചയായതിനാലാണ് കരിഞ്ഞപാടം എന്ന വിളിപ്പേരുണ്ടായത്. പിന്നീടത് കരിയംപാടമാവുകയായിരുന്നു.
ആദ്യകാലത്ത് മീനച്ചിലാറ്റില്‍നിന്നു ജലചക്രങ്ങള്‍ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറ്റിയെങ്കിൽ പിന്നീട് പെട്ടിയും പറയും മോട്ടറും ഉപയോഗിച്ചായി മാറി. കരിയംപാടത്തിനു രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറ് കൂടമാളൂര്‍ സെന്റ് മേരീസ് മേജർ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയവും ഒരു കിലോമീറ്റര്‍ വടക്കായി കുമാരനല്ലൂര്‍ ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നു.