മികവില്‍ ഒന്നാമതായി ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍
1540023
Sunday, April 6, 2025 5:04 AM IST
കോട്ടയം: അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തി ജില്ല. അക്ഷയകേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെയും സേവനത്തിന്റെയും മികവില്‍ നല്കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കേഷനിലും ജില്ല മുന്നിലാണ്. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജില്ലയിലെ 13 അക്ഷയ കേന്ദ്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.
ജില്ലയില്‍ നിലവല്‍ 208 അക്ഷയ കേന്ദ്രങ്ങളുണ്ട്. 2016 ന് ശേഷം ആരംഭിച്ചത് 31 എണ്ണമാണ്. 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജില്ലയിലെ 92 ശതമാനം അക്ഷയകേന്ദ്രങ്ങളും അക്ഷയ ബ്രാന്‍ഡിംഗ് മാനദണ്ഡ പ്രകാരം പശ്ചാത്തല സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആധികാരിക തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ഉറപ്പുവരുത്തുന്ന എബിസിഡി കാമ്പയിന് 2024 ല്‍ മേലുകാവില്‍ സംഘടിപ്പിച്ചു.
ആധാര്‍ സാന്ദ്രത ഗണ്യമായി വര്‍ധിപ്പിക്കാനും ജില്ലയ്ക്കു സാധിച്ചിട്ടുണ്ട്. അക്ഷയ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി വാതില്‍പ്പടി സേവനത്തിനായി 192 ടാബുകളാണ് ഈ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജില്ലയിലേക്ക് ലഭ്യമാക്കിയത്.
ഇതിലൂടെ കിടപ്പുരോഗികളുടെയും പ്രായമായവരുടെയും സാമൂഹിക സുരക്ഷ പെന്ഷന് മസ്റ്ററിംഗ്, ആധാര്‍ സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ വീടുകളില്‍ യഥാസമയം എത്തി പൂര്‍ത്തീകരിക്കാനായി. സ്കൂള്‍ കുട്ടികള്‍ക്കും കിടപ്പുരോഗികള്‍ക്കുമായി പ്രത്യേക ക്യാമ്പുകള്‍ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിച്ചു. സ്കൂള്‍ ക്യാമ്പുകളുടെ സംഘാടനത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്.