വേനൽമഴ: ഡെങ്കിയും എലിപ്പനിയും സൂക്ഷിക്കണം
1540022
Sunday, April 6, 2025 5:04 AM IST
കോട്ടയം: മഴയ്ക്കൊപ്പം ഡെങ്കിയും എലിപ്പനിയും ഭീഷണി. റബര്‍ ചിരട്ടകള്‍, കോക്കോ തോട്, ഉപയോഗശൂന്യമായ പാത്രങ്ങള്‍ എന്നിവയില്‍ വളരുന്ന കൊതുക് അപകടകാരിയാണ്. ഈഡിസ് കൊതുകിന്റെ വ്യാപനത്തോടെ ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി.
ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒരാഴ്ചയെടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. 104 ഡിഗ്രിവരെ തീവ്ര പനി, കടുത്ത തലവേദന, കണ്ണ് വേദന, ശരീരവേദന, ചര്‍മത്തില്‍ ചുവന്ന പാട്, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
മൂര്‍ച്ചിച്ച് കഴിഞ്ഞാല്‍ വയറുവേദന, മൂക്കില്‍നിന്നും വായില്‍നിന്നും മോണയില്‍നിന്നും രക്തസ്രാവം, ബോധക്ഷയം, ശ്വാസതടസം, രക്തത്തോട് കൂടിയോ ഇല്ലാതെയോ ഇടവിട്ടു ഛര്‍ദ്ദി, അമിത ദാഹം എന്നിവയും ഉണ്ടാകാം. മരണകാരണമായേക്കാവുന്ന ഡെങ്കിപ്പനിയില്‍ ജാഗ്രത പാലിക്കണം.
കൈത കൃഷിയുടെ വ്യാപനമാണ് എലിപ്പനിക്ക് കാരണമാകുന്നത്. എലിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള ഈ രോഗബാധ വളരെ ഗുരുതരമാണ്. കൈതത്തോട്ടത്തില്‍ പുല്ല് പറിക്കാനും മറ്റും പോകുന്നവര്‍ ഗമ്പൂട്ടും കൈയുറയും ധരിക്കണം. ശരീരത്തില്‍ പ്ലാസ്റ്റിക് കവചം ധരിക്കുന്നതും സുരക്ഷിതം.
വൃക്ക, കരള്ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ച് ഗുരുതരമായ മഞ്ഞപ്പിത്തം, ശ്വാസകോശ ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ ഉണ്ടാക്കി ഗുരുതരാവസ്ഥയിലേക്ക് രോഗി എത്താന്‍ ഇടയുണ്ട്. പനി, തലവേദന, കഠിന ക്ഷീണം, പേശി വേദന തുടങ്ങിയവ എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങളാണ്. കടുത്ത ക്ഷീണം, നടുവ് വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
എലിയുടെ മൂത്രത്തില്‍കൂടി മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും എലിപ്പനി രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. മൃഗങ്ങളില്‍ എലിപ്പനി ബാധ ഉണ്ടായാല്‍ രോഗാണുക്കള്‍ അവയുടെ വൃക്കകളില്‍ ദീര്‍ഘകാലം നിലനില്ക്കാന് ഇടയുണ്ട്. മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനില്ക്കുകയും ചെയ്യും.