വലിച്ചെറിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടിവരും
1540021
Sunday, April 6, 2025 5:04 AM IST
കോട്ടയം: മാലിന്യമുക്ത ജില്ല എന്ന സ്വപ്നവുമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ കര്‍ശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവര്‍ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024- 2025 കാലയളവില്‍ ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു.
2025ല്‍ ആദ്യമൂന്നുമാസം കൊണ്ടുമാത്രം 8.93 ലക്ഷം രൂപയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്കെതിരേ പിഴയിട്ടത്. ഈ കാലയവളില്‍ ജില്ലയിലെ രണ്ട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ 427 പരിശോധനകളാണ് നടത്തിയത്. മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി രണ്ടുവര്‍ഷം കൊണ്ട് 5375.44 ടണ്‍ മാലിന്യങ്ങളാണ് ജില്ലയില്‍നിന്ന് ഇതുവരെ നീക്കം ചെയ്തത്.
1049.77 ടണ്‍ പുനരുപയോഗിക്കാവുന്ന മാലിന്യവും പുനരുപയോഗസാധ്യമല്ലാത്ത 3623.42 ടണ്‍ മാലിന്യവും 31.57 ടണ്‍ ഇ-മാലിന്യവും 625.72 ടണ്‍ കുപ്പിച്ചില്ലുകളും 44.94 ടണ്‍ ആക്രി സാധനങ്ങളും നീക്കം ചെയ്തു. മാലിന്യ ശേഖരണത്തിനായി 816 പൊതു ബിന്നുകളും 700 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. 464 പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളും നിലവില്‍ ജില്ലയിലുണ്ട്. ജില്ലയില്‍ 16 റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്)കള്‍ പ്രവര്‍ത്തിക്കുന്നു. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍(എംസിഎഫ്) 95 എണ്ണവും മിനി എംസിഎഫുകള്‍ 1597 എണ്ണവും ഉണ്ട്. മാലിന്യശേഖരണത്തിനും തരംതിരിക്കലിനുമായി 2403 ഹരിതകര്‍മസേനാംഗങ്ങളുടെ സേവനവും ജില്ലയിലുണ്ട്.
മാലിന്യമൊഴിഞ്ഞതു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ
മാലിന്യമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്കെത്തുമ്പോള്‍ സഫലമാകുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഏകോപനത്തിന്റെയും വിജയം. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷന്, കുടുംബശ്രീ, ഹരിതകേരളം, നവകേരളം കര്‍മപദ്ധതി, കില, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, കെഎസ്ഡബ്ല്യുഎംപി എന്നിവരെല്ലാം ഒറ്റ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങിയപ്പോള്‍ വിജയം അനായാസമായി.
നിരന്തരമായ ബോധവത്കരണവും പ്രചാരണപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മനോഭാവത്തിലുണ്ടാക്കിയ മാറ്റം വളരെ വലുത്. പാതയോരങ്ങളിലും പൊതുവിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വലിച്ചെറിയുന്നത് കുറഞ്ഞു. ഹരിതകര്‍മസേന വഴി വീടുകളില്‍നിന്നുള്ള മാലിന്യം നേരിട്ടുശേഖരിച്ചപ്പോള് നാടിനുലഭിച്ച ആശ്വാസം വളരെ വലുത്. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കാന്‍ തുടങ്ങിയതോടെ നാടിന്റെ മുഖച്ഛായതന്നെ മാറി. പിന്നെയും മാലിന്യം വഴിയിലും തോട്ടിലും തള്ളിയവര്‍ക്ക് കനത്ത പിഴയടയ്ക്കേണ്ടിവന്നു.
മാലിന്യമുക്ത ജില്ല; നാളെ പ്രഖ്യാപനം
കോട്ടയം: ജില്ലയെ മാലിന്യമുക്തമായി നാളെ പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദര്‍ശനവും ചിത്രരചനാ മത്സരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പില്‍ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന മാലിന്യമുക്ത പ്രഖ്യാപനസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.