ഇങ്ങനെയും ചി ബസ് കഥകൾ
1540012
Sunday, April 6, 2025 5:00 AM IST
ടാറിടാത്ത വീതികുറഞ്ഞ ഗ്രാമ മണ്വഴികളിലൂടെ പുക തള്ളി ഓടുന്ന ഏക ബസിനെ ആശ്രയിച്ചായിരുന്നു കാല് നൂറ്റാണ്ടു മുന്‍പു വരെ പല ഗ്രാമീണരും ജീവിതം ചലിപ്പിച്ചിരുന്നത്. സ്വരാജ്, കൊണ്ടോടി, കെഎംഎസ്, ടിഎംഎസ്, സീക്കോ, പികെഎംഎസ്, ലവ്ലി, ചമ്പക്കര, മഹാരാജ തുടങ്ങിയ ബസ് കമ്പനികളെ പഴമക്കാര്‍ മറന്നിട്ടില്ല. ഹൈറേഞ്ച് കുടിയേറ്റത്തിന് കരുത്തായത് കിഴക്കന്‍ റൂട്ടിലേക്ക് കോട്ടയം, ചങ്ങനാശേരി, പാല എന്നിവിടങ്ങളില്‍നിന്നുള്ള ബസുകളായിരുന്നു.
കട്ടപ്പനയും കുമളിയും കഴിഞ്ഞാല്‍ തെന്നിത്തെറിക്കുന്ന ഗട്ടര്റോഡും കൈത്തോടുകളും വെള്ളച്ചാലുമൊക്കെ നീന്തിയും കിതച്ചുമാണ് ബസുകള്‍ ഫസ്റ്റ് ഗിയറില്‍ കയറ്റം പിടിക്കുക. ബസിനു മുകളില്‍ കുരുമുളക് വള്ളിയും വാഴവിത്തുമൊക്കെ മല കയറിപ്പോയി. ഫിലിം പെട്ടിയും അലുമിനിയം പാത്രക്കുട്ടയും കട്ടിലുമൊക്കെ ബസിനു മുകളിലെ ചതുരക്കമ്പിക്കൂട്ടിലുണ്ടാകും.

ബസിനു പിന്നിലെ ഇരുമ്പു ഗോവണി കയറി അതൊക്കെ ഇറക്കുന്ന പോര്‍ട്ടര്‍മാരുടെ സാഹസം അപാരം. കൈയും തലയും പുറത്തിടരുത്, പുകവലി പാടില്ല എന്നൊക്കെ ബസില്‍ അറിയിപ്പുകളുണ്ടായിരുന്നു. കോവിഡും മറ്റും വന്നതോടെ സ്വകാര്യ നിരവധി ബസുകള്‍ നിരത്തൊഴിഞ്ഞു. പലയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് സര്‍വീസ് മുന്നോട്ടുപോകുന്നത്. കഥയിങ്ങനെയെങ്കിലും കാര്യമുള്ള ചില ബസ് വിശേഷങ്ങള്‍ ഓരോ നാടിനും ബാക്കിയുണ്ട്. ഒറ്റ ബസിനെ ആശ്രയിക്കുന്നവരുടെയും അര നൂറ്റാണ്ടായി മുടങ്ങാത്ത ബസുകളെയും പറ്റിയുള്ള രസവര്ത്തമാനങ്ങളിലൂടെ...
ഇല്ലിക്കല്‍ കല്ല് കാണാം
വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേക്ക് സ്വകാര്യ ബസ് സര്‍വീസുണ്ട്. കുഴിത്തോട്ട് ഗ്രൂപ്പിന്റെ സര്‍വീസാണ് ഇല്ലിക്കല്‍കല്ലിലേക്ക് ഓടുന്നത്. കാഞ്ഞിരംകവല, കോലാനി, മോസ്കോ, വാളകം, മേച്ചാല്‍, നെല്ലാപ്പാറ, പഴുക്കാക്കാനം, ഇല്ലിക്കല്‍കല്ല്, മങ്കൊമ്പ് ക്ഷേത്രം, മൂന്നിലവ്, കളത്തുക്കടവ്, ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, ഭരണങ്ങാനം വഴി പാലായിലെത്തുന്ന സര്‍വീസ്. ഇല്ലിക്കല്‍ കണ്ട് വിശ്രമം കഴിഞ്ഞ് തിരികെ പോകാവുന്ന രീതിയിലാണ് സര്‍വീസ്.
ഞീഴൂരിലെ സെന്റ് ജൂഡ്
സെന്റ് ജൂഡ് ഞീഴൂരില്‍ കുടിയേറിയിട്ട് 38 വര്‍ഷം. 1987ലാണ് അതിരമ്പുഴ കോട്ടയ്ക്കുപുറം കരിവേലില്‍ കെ.എ. ആന്റണിയുടെ സെന്റ് ജൂഡ് ബസ് ഞീഴൂര്‍-ഏറ്റുമാനൂര്‍-മെഡിക്കല്‍ കോളജ്-കോട്ടയം റൂട്ടില്‍ ആരംഭിക്കുന്നത്. 1994ല്‍ അദ്ദേഹത്തിന്റെ മരണശേഷം മകന് കെ.എ. ഷാജുവിനാണ് സാരഥ്യം. കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കോട്ടയം നഗരങ്ങളെയും കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, തെള്ളകത്തെ സ്വകാര്യാശുപത്രികള്‍ തുടങ്ങിയവയെയും ഞീഴൂര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ ബസ്. കണ്ടക്ടര്‍ കുറ്റിക്കാട്ടുപറമ്പില്‍ കെ.എം. രതീഷും ഡ്രൈവര്‍ പല്ലാട്ടുപറമ്പില് ഷിന്റോ സ്റ്റീഫനും ഞീഴൂരുകാരയതോടെ ബസിനു മുടക്കമില്ല.
ഇടയാതെ ആനവണ്ടി
പെരുവന്താനം ഉള്‍പ്രദേശമായ കണയങ്കവയല്‍, കൊയിനാട് യാത്രക്കാരുടെ ഏക ആശ്രയം രണ്ട് കെഎസ്ആര്‍ടിസി ബസുകളാണ്. പൊന്‍കുന്നം, എരുമേലി ഡിപ്പോകളിലെ ഈ ബസുകള്‍ ദിവസം 10 സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പാഞ്ചാലിമേട് വിനോദസഞ്ചാരികള്‍ക്കും ആശ്രയം ഈ സര്‍വീസാണ്. ഒരിക്കല്‍ നിലച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ ബസ് തിരികെ വന്നു. മുണ്ടക്കയത്തുനിന്നും ബോയ്സ് എസ്റ്റേറ്റ്, മേലോരം വഴി അഴങ്ങാടിനുമുണ്ട് നാട്ടുകാരുടെ ഏക ആശ്രയമായ കെഎസ്ആര്‍ടിസി ബസ്.
മീനച്ചില്‍ ഗ്രാമവണ്ടി
മീനച്ചില്‍ പഞ്ചായത്തിലെ ചെമ്പകശേരി, ചാത്തന്‍കുളം, വിളക്കുമാടം, പൂവത്തോട്, പാറപ്പള്ളി പ്രദേശക്കാരുടെ സൗകര്യത്തിനാണ് പഞ്ചായത്ത് ഭരണസമിതി ഗ്രാമവണ്ടി ആവിഷ്കരിച്ചത്. കെഎസ്ആര്‍ടിസിയും പഞ്ചായത്തും സംയുക്തമായി നടത്തുന്ന പദ്ധതി. വണ്ടിക്ക് ഡീസല്‍ അടിച്ചുകൊടുക്കാന്‍ മാസം ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്.
മാടപ്പള്ളിക്കാരുടെ താരം
തെങ്ങണ, മോസ്കോ, എന്‍ഇഎസ് ബ്ലോക്കുവഴി വെങ്കോട്ട ജോണ്സണ് ഉടനെ പുറപ്പെടുന്നതാണ്. ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നാല്‍ ഇടയ്ക്കിടക്ക് ഉച്ചഭാഷിണിയിലൂടെ ഈ ശബ്ദം മുഖരിതമാണ്. ഒന്നും രണ്ടും വര്‍ഷമല്ല. നേരത്തെ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ബസ് 1975 കാലഘട്ടത്തിലാണ് ചങ്ങനാശേരി കാഞ്ഞിരക്കാട്ട് കുഞ്ഞുവറീച്ചന് സ്വന്തമാക്കിയത്. കെഎല്‍കെ-1964 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ഈ ബസ് അക്കാലത്ത് പ്രീതി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നീട് ജോണ്സണ് എന്ന പേരിടുകയായിരുന്നു.
രാവിലെ 7.10ന് വെങ്കോട്ടയില്നിന്ന് ആരംഭിക്കുന്ന ബസ് രാത്രി 8.05ന് ചങ്ങനാശേരിയില്‍നിന്നു ലാസ്റ്റ് ട്രിപ്പ് എടുക്കുന്നതോടെ വെങ്കോട്ടയില്‍ സമാപിക്കും. കുഞ്ഞുവറീച്ചന്റെ മകന് ബേബിച്ചനാണ് ഈ ബസ് സര്‍വീസ് കൈകാര്യം ചെയ്യുന്നത്.
താരമാണ് ജനകീയന്‍
കരിങ്കുന്നം-നീലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് 17 വര്‍ഷമായി ഓട്ടത്തിലാണ് ജനകീയന്‍ ബസ്. യാത്രാക്ലേശം രൂക്ഷമായ പ്രദേശത്ത് പല ബസുകളും സര്‍വീസ് ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ നിറുത്തിപ്പോയി. കെഎസ്ആര്‍ടിസി ബസ് ഓടിക്കാനുള്ള ശ്രമവും നടന്നില്ല. അങ്ങനെയിരിക്കെയാണ് മറ്റത്തിപ്പാറ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന് ബസ് വാങ്ങി ഓടിക്കാന്‍ തീരുമാനിച്ചത്. 75 വീടുകളില്‍നിന്നു പതിനായിരം രൂപ വീതം പിരിച്ച് ഏഴര ലക്ഷം സംഭരിച്ച് ചെറിയൊരു ബസ് വാങ്ങി. രാവിലെ മുതല്‍ രാത്രി വരെ 10 ട്രിപ്പുകള്‍. രണ്ടാം വര്‍ഷം പുതിയ ബസ് വാങ്ങി.
ചെലവു കഴിഞ്ഞുള്ള കളക്ഷന്‍ ബാങ്കില്‍ നിക്ഷേപിക്കും. കൂറ്റന്‍ ഇറക്കവും കയറ്റവുമുള്ള വഴിയായതിനാല്‍ ബസിന് കേടുപാട് കൂടും. മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതിയത് വാങ്ങും. ഇപ്പോള്‍ മൂന്നാമത്തെ ബസാണ്. ശരാശരി 6500 രൂപയാണ് ദിവസ കളക്ഷന്‍. രാത്രി ട്രിപ്പ് കുറച്ച് ഇപ്പോള്‍ ഒമ്പത് ട്രിപ്പുകള്‍ ഓടിക്കുന്നു. ഒന്‍പതംഗ കമ്മിറ്റിയാണ് മേല്‍നോട്ടം.
കരുതലായി മിഖായേല്‍
ഉള്ഗ്രാമവഴികളിലൂടെ പാലാ-കുറവിലങ്ങാട് റൂട്ടിലാണ് മിഖായേലിന്റെ സഞ്ചാരം. മരിയന്‍, മുത്തോലി, ചേര്‍പ്പൂങ്കല്‍, പാളയം, കടപ്ലാമറ്റം, നെല്ലിക്കുന്ന്, കുണുക്കുംപാറ, ലേബര്‍ ഇന്ത്യ, ഇലയ്ക്കാട്, മടയകുന്ന്, നെച്ചിമറ്റം വഴി കുറവിലങ്ങാട് എത്തും. പാളയം, ഇലയ്ക്കാട്, നെല്ലിക്കുന്ന് ദേശക്കാരുടെ ആശ്രയമായ മിഖായേല്‍ ബസിന് ഫാന്‍സ് ആരാധക കൂട്ടായ്മയുമുണ്ട്. ഇലയ്ക്കാടിന്റെ പുത്രനെന്നാണ് ബസിന്റെ സോഷ്യല്‍ മീഡിയ വിളിപ്പേര്. 30 വര്‍ഷങ്ങള്‍ക്കു മുമ്പു പാലായില്‍നിന്ന് ഈ റൂട്ടില്‍ രണ്ടു സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ നിലച്ചു. കെഎസ്ആര്‍ടിസി ആരംഭിച്ചെങ്കിലും നിന്നുപോയി.
പാലായില്‍നിന്നു ഗ്രാമങ്ങളിലൂടെ ഏറ്റുമാനൂരിലേക്കുള്ള സ്വകാര്യ ബസാണ് പാലാക്കാട്ട്. ചേര്‍പ്പുങ്കല്‍, പാളയം, കടപ്ലാമാറ്റം, പടിഞ്ഞാറേകൂടല്ലൂര്, കുടല്ലൂര്‍, കടപ്പൂര്, പിണ്ടിപ്പുഴ, വെട്ടിമുകള്‍ വഴി ഏറ്റുമാനൂരിലെത്തും. വിദ്യാര്‍ഥികളടക്കം നിരവധിപ്പേരുടെ ആശ്രയമാണ് പാലാക്കാട്ട്.
ചുമ്മാ ഒരു ടിക്കറ്റ്
കെഎസ് ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നാണ് വനത്തോടു ചേര്‍ന്ന ഉളുപ്പൂണിയിലേക്ക് എട്ടു മാസം മുമ്പ് ബസ് ആരംഭിച്ചത്. പുള്ളിക്കാനം-കോട്ടയം പത്രവണ്ടിയുടെ പെര്‍മിറ്റാണ് ഉളുപ്പൂണിയിലേക്ക് നീട്ടിയത്. പത്രവണ്ടി എന്നാല്‍ ദീപിക ഉള്‍പ്പെടെയുള്ള പത്രം പുലര്‍ച്ചെ നാലരയ്ക്ക് പുള്ളിക്കാനം വരെ അര നൂറ്റാണ്ട് എത്തിച്ചിരുന്ന ബസ്. യാത്രക്കാരെന്നു പറയാന്‍ അധികമാരും ഉണ്ടാവില്ല. സീറ്റുകളും പ്ലാറ്റ്ഫോമും നിറയെ പത്രക്കെട്ടുകള്‍. ഈ പത്രവണ്ടിയാണ് ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍നിന്ന് വാഗമണ്‍, ചോറ്റുപാറ, കൂട്ടിയാര്‍ ഡാം വഴി വാഗമണില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ ഉളുപ്പൂണിയിലെത്തുന്നത്.
ആറ്റുനോറ്റുകിട്ടിയ ബസ് നിലയ്ക്കാതിരിക്കാന്‍ യാത്ര ചെയ്തില്ലെങ്കിലും ബസ് ഉളുപ്പൂണിയിലെത്തുമ്പോള് നാട്ടുകാര്‍ ഈരാറ്റുപേട്ടയ്ക്കും വാഗമണിനും വെറുതെയൊരു ടിക്കറ്റ് എടുത്ത് ബസ് പറഞ്ഞുവിടും. ടണലും വെള്ളച്ചാട്ടവും പുല്മേടുമൊക്കെയുള്ള വിനോദ സഞ്ചാര കേന്ദ്രംകൂടിയാണ് ഉളുപ്പൂണി. ഇയോബിന്റെ പുസ്തകം ഉള്‍പ്പെടെ സിനിമകളുടെ ലൊക്കേഷനുമായിരുന്നു. ഏലപ്പാറ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഉളുപ്പൂണി.
വീട്ടിലെത്തിക്കുന്ന ആനവണ്ടി
പൊന്‍കുന്നം-ചെറുവള്ളി-മണിമല റൂട്ടില്‍ 57 വര്‍ഷമായി ഓട്ടത്തിലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി. കളക്ഷന്‍ ദിവസം ആറായിരം നിലനിറുത്താന്‍ നാട്ടുകാര്‍ ഒരു തവണയെങ്കിലും ബസില്‍ യാത്ര ചെയ്യും. ബസ് നിറുത്താനുള്ള ചെറിയ നീക്കങ്ങളെ ജനമൊന്നാകെ പ്രതിരോധിച്ചാണ് സര്‍വീസ് നിലനിറുത്തുന്നത്. കട കമ്പോളങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാത്രി വീട്ടിലെത്താനുള്ള ഏക മാര്‍ഗമാണ് രാത്രി 9.30നുള്ള ട്രിപ്പ്. സ്ത്രീകളെ രാത്രി വീട്ടുപടിക്കല്‍ ഇറക്കാനുള്ള മര്യാദ ബസുകാര് കാണിക്കും. ആരെവിടെ കൈനീട്ടിയാലും നിറുത്തുകയും ചെയ്യും.
കെഎംഎസ് കഥകള്‍
പാലാ-പൊന്‍കുന്നം റൂട്ടിലും മലയോരഗ്രാമങ്ങളിലേക്കും പൈക കെഎംഎസ് കമ്പനി ആറു പതിറ്റാണ്ടു മുന്‍പ് വഴികള്‍ തുറന്നു.
പാലായില്‍നിന്നുള്ള ആദ്യ ഹൈറേഞ്ച് ബസും എറണാകുളം എക്സ്പ്രക്സ് സര്‍വീസും കെഎംഎസിനു സ്വന്തമായിരുന്നു. ഹൈക്കോടതിയിലേക്കും ഷെയര്‍ മാര്‍ക്കറ്റിലേക്കും പലരുടെയും പോക്ക് കെഎംഎസ് എക്സ്പ്രസിലായിരുന്നു. തിരികെ വരുമ്പോള്‍ വിവിധ കടകളിലേക്കുള്ള മരുന്നുപെട്ടിയും സറ്റേഷനറിയും മറ്റും ബസിനു മുകളിലുണ്ടാകും. പാലായില്‍നിന്നു രാമക്കല്മെട്ടിലേക്കുള്ള ആദ്യ ബസും കെഎംഎസിന്റെ സാബു ബസായിരുന്നു. കോരുത്തോട്, കുഴിമാവ്, 504 കോളനി, പുഞ്ചവയല്‍, ഏന്തയാര്‍, വിഴിക്കത്തോട്, എയ്ഞ്ചല്‍വാലി, മണ്ണടിശാല, തുലാപ്പള്ളി, പമ്പാവാലി, മൂക്കന്‍പെട്ടി, വടശേരിക്കര, ചെങ്ങളം, പാലപ്ര, ചേറ്റുതോട്, സീതത്തോട് ഗ്രാമീണ സര്‍വീസുകളുടെ മൂല്യം ചെറുതായിരുന്നില്ല. മണ്ണുറോഡിലൂടെയായിരുന്നു പല സര്‍വീസുകളും. പാലാ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍സ് ഒണ്‍ലി രാവിലെയും വൈകുന്നേരവും കെഎംഎസ് നടത്തിയിരുന്നു.
സേവനത്തിന്റെ 62 വര്‍ഷം
62 വര്‍ഷമായി കോട്ടയം-പൊന്‍കുന്നം റൂട്ടിലുണ്ട് സെന്റ് തോമസ് ബസ്. സംക്രാന്തി ഒതളത്തുമൂട്ടില് പി.വി. ചാക്കോയാണ് 1963ല്‍ കെകെ റോഡിലൂടെ വാഴൂരെത്തി കാനം, ചാമംപതാല്‍, തെക്കേത്തുകവല വഴി പൊന്‍കുന്നത്തിനു സര്‍വീസ് ആരംഭിച്ചത്. ഇപ്പോള്‍ മകന് ലാല്‍ സര്‍വീസ് ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ബസ് ബിനു എന്നയാള്‍ ഏറ്റെടുത്തെങ്കിലും സര്‍വീസിനു മുടക്കമില്ല.