അരുവിത്തുറ തിരുനാൾ: അവലോകനയോഗം ചേർന്നു
1539982
Sunday, April 6, 2025 4:39 AM IST
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 12 മുതൽ മേയ് രണ്ടു വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, ഉപാധ്യക്ഷൻ അൻസർ പുള്ളോലിൽ, മുനിസിപ്പൽ സെക്രട്ടറി ബിപിൻ കുമാർ, പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ.അബ്ദുൾ ഖാദർ, നഗരസഭാ കൗൺസിലർ ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കാനും തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുനാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വാഹന പാർക്കിംഗ് ക്രമീകരണം നടത്താനും യോഗത്തിൽ തീരുമാനമായി.