ഇംഗ്ലീഷ് വോയേജ് ഭാഷാ പരിശീലന ശില്പശാല
1539975
Sunday, April 6, 2025 4:38 AM IST
പാലാ: രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തുന്ന ഇംഗ്ലീഷ് വോയേജ് എന്ന ഭാഷാ പരിശീലന ശില്പശാലയുടെ മൂന്നാം ഘട്ടം പാലാ സെന്റ് തോമസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടത്തി.
വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു, ഹെഡ്മാസ്റ്റര് ഫാ. റെജി തെങ്ങുംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
പരമ്പരാഗത പഠനരീതികളില്‍നിന്ന് വ്യത്യസ്തമായി ഗെയിമിഫിക്കേഷന്‍ എന്ന ആശയം മുന്‍നിര്‍ത്തി കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അധ്യാപകരിലേക്കും അവരിലൂടെ വിദ്യാർഥികളിലേക്കും എത്തിക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ പ്രൈമറി അധ്യാപകരാണ് മൂന്നു ദിവസത്തെ പരിശീലനത്തിന് എത്തിച്ചേര്‍ന്നത്.
ഡോ. നിജോയി പി. ജോസ്, ജയിംസ് സേവ്യര്‍, എയ്സ്വിന് അഗസ്റ്റിന്, ആതിര സി. മാനുവല്‍, അന്നു മരിയ മൈക്കിള്‍, അനുമോള്‍ ജോസഫ്, അഥീന അനില്‍, ഗ്ലാഡിസ് ബെന്നി, അല്‍ഫോന്‍സ സെബാസ്റ്റ്യന്‍, ഷാരോണ്‍ മാത്യു, ഷെറിന് ജോര്‍ജ്, അനൂപ് സണ്ണി, ജിതിന് പി. മാത്യു എന്നീ ഇംഗ്ലീഷ് അധ്യാപകരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.