കിടങ്ങൂരില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്കി
1532627
Thursday, March 13, 2025 7:33 AM IST
കിടങ്ങൂര്‍: പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ എല്‍ഡിഎഫ് പഞ്ചായത്ത് മെംബര്‍മാര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന യുഡിഎഫ്, ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ആരോപിച്ചാണ് അവിശ്വാസം അവതരിപ്പിക്കുന്നത്.
പതിനഞ്ച് അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഏഴ് മെംബര്‍മാരും (കേരള കോണ്‍ഗ്രസ് -എം നാല്, സിപിഎം മൂന്ന്), യുഡിഎഫിന് മൂന്നും ബിജെപിക്ക് അഞ്ചും മെംബര്‍മാരാണുള്ളത്. 2020-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട് നില്‍ക്കുകയും എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി ബോബി മാത്യു പ്രസിഡന്റാവുകയും ചെയ്തു.
മുന്നണിയിലെ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനു ശേഷം സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനായി ബോബി മാത്യു രാജിവച്ച ഒഴിവിലേക്ക് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും ഒന്നിക്കുകയും യുഡിഎഫിലെ തോമസ് മാളിയേക്കല്‍ പ്രസിഡന്റ് ആകുകയും ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്റാവുകയും ചെയ്തു. മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനവും ബിജെപിക്ക് ലഭിച്ചു.