സെന്റ് ഡൊമിനിക്സ് കോളജ് വിജ്ഞാനത്തിന്റെ വറ്റാത്ത സ്രോതസ്: മാര്‍ മാത്യു അറയ്ക്കല്‍
1532355
Thursday, March 13, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക - ഓര്‍മച്ചെപ്പിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. ആറു പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു.
പൂര്‍വ വിദ്യാർഥി ലൈഫ് മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് നിർവഹിച്ചു. കോളജ് മാനേജര്‍ റവ.ഡോ. കുര്യന് താമരശേരി, മുന്‍ മാനേജര്‍ മോൺ. ജോര്‍ജ് ആലുങ്കല്‍, പൂര്‍വ വിദ്യാർഥീ സംഘടന പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, ചീഫ് എഡിറ്റര്‍ മേഴ്സിക്കുട്ടി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സ്മരണികയുടെ ആദ്യപ്രതി പൂര്‍വവിദ്യാർഥി തോമസ് കെ. മൈക്കിള്‍ കരിപ്പാപ്പറമ്പില്‍ മാര്‍ മാത്യു അറയ്ക്കലിൽനിന്ന് ഏറ്റുവാങ്ങി.
സെക്രട്ടറി റോബര്‍ട്ട് ബി. മൈക്കിള്‍, ട്രഷറര്‍ ഏബ്രഹാം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ.ജെ. ജോണി, കോളജ് ബര്‍സാര്‍ റവ.ഡോ. മനോജ് പാലക്കുടി, ഡോ. സി.എ. തോമസ്, പിആര്‍ഒ ജോജി വാളിപ്ലാക്കല്‍, ഐടി കോ-ഓർഡിനേറ്റര്‍ ജയിംസ് പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.