ആനക്കല്ല് ഗവൺമെന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കി
1532353
Thursday, March 13, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: ആധുനിക സൗകര്യങ്ങളോടെ ആനക്കല്ല് ഗവൺമെന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കി. പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ലക്ഷം രൂപ മുടക്കിയാണ് സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്.
ഭിത്തികളിൽ കാർട്ടൂൺ ചിത്രങ്ങൾ വരച്ച് വർണാഭമാക്കി. ആധുനിക രീതിയിലുള്ള ഡെസ്കും ബെഞ്ചും ഉൾപ്പെടെ എസി, ഫർണിച്ചർ, ഇന്ററാക്ടീവ് പാനൽ ബോർഡ് എന്നിവ സ്ഥാപിച്ചു. പ്രീപ്രൈമറി ഉൾപ്പെടെ 40 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ രണ്ടു ക്ലാസമുറികളിലാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
ഒരു വർഷം മുന്പു വരെ ഭൗതിക സാഹചര്യങ്ങൾ പരിമിതമായിരുന്ന സ്കൂളിൽ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്. ശിശുസൗഹൃദമാണ് നിലവിൽ സ്കൂളും പരിസരവും.
മൂന്നുലക്ഷം രൂപ ചെലവഴിച്ച് പുതിയ ശുചിമുറി കോംപ്ലക്സും നിർമിക്കുമെന്ന് പഞ്ചായത്തംഗം വി.എൻ. രാജേഷ്, ഹെഡ്മിസ്ട്രസ് ലിൻസി ജോസഫ് എന്നിവർ അറിയിച്ചു.